ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം സിഇഒ കാവ്യ മാരനും തമ്മിലുള്ള വിവാഹം വൻ താരനിരയുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധ നേടുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി സൂപ്പർതാരം രജനികാന്തും കുടുംബവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഭാര്യ ദുർഗ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരും ഗ്രീസിലേക്ക് യാത്ര തിരിച്ചതായാണ് റിപ്പോർട്ടുകൾ.
സിനിമ, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രീസിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരാധകർക്കിടയിലും സിനിമാ മേഖലയിലും വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ രജനികാന്തും കുടുംബവും ഗ്രീസിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്. രജനികാന്തിനൊപ്പം മകൾ ഐശ്വര്യ രജനികാന്തുമുണ്ട്. വിവാഹത്തിന് യാത്ര തിരിക്കുന്ന രജനികാന്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. കൂടാതെ,സ്റ്റാലിനും ഉദയനിധിയും വിമാനത്താവളത്തിൽനിന്ന് യാത്ര തിരിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഗ്രീസിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നാണ് സൂചന. അതിഥികളെ വിവാഹവേദിയിലെത്തിക്കുന്നതിനായി നാല് സ്വകാര്യ വിമാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. ഗ്രീസിലെ വിവാഹച്ചടങ്ങുകൾക്കുശേഷം നവംബർ 21ന് ചെന്നൈയിൽ വൻ വിവാഹസൽക്കാരം സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, നടിമാരായ നയൻതാര, ധനുഷ് തുടങ്ങിയവരുടെ പേരുകളും അതിഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Music director Anirudh Ravichander and Sunrisers Hyderabad CEO Kavya Maran are marrying in Greece. Superstars Rajinikanth and family, along with former Tamil Nadu Chief Minister M.K. Stalin and his family, are reportedly traveling to attend the private ceremony. The event, involving prominent figures from cinema and politics, will be followed by a large reception in Chennai on November 21.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |