
മോഹൻലാൽ നായകനായി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസ നായികയാകുമെന്ന് വിവരം. കിംഗ്ഡത്തിൽ വിജയ് ദേവരകൊണ്ടയുടെയും കാന്തയിൽ ദുൽഖർ സൽമാന്റെയും ലെനിനിൽ അഖിൽ അക്കിനേനിയുടെയും നായികയായി തിളങ്ങിയ താരം ആണ് ഭാഗ്യശ്രീ ബോർസ. ചിത്രീകരണം ചിങ്ങം ഒന്നിന് ജോർജിയയിൽ ആരംഭിക്കും. അടുത്ത മാസം മോഹൻലാൽ ജോയിൻ ചെയ്യും.
എൽ 367 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് പാഹൽ ഗാം ഭീകരാക്രമണങ്ങളും തുടർ നടപടിക്രമങ്ങളുമാണ് പ്രമേയം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കും . ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുന്നത്.
മേപ്പടിയാൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ. എൽ 367 ന്റെ രചനയും വിഷ്ണുമോഹൻ ആണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. അതേസമയം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരത്തിന് ശബരിമലയിലും മുംബയ് യിലും ചിത്രീകരണം അവശേഷിക്കുന്നുണ്ട്.
ശബരിമലയിലെ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ പാക്കപ്പ് ആകും എന്നാണ് വിവരം. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് തിയേറ്ററുകളിൽ എത്തും. മീര ജാസ്മിൻ ആണ് നായിക. ഖലീഫ, ഹൈവാൻ, ജയിലർ 2 എന്നീ ചിത്രങ്ങളിലെ അതിഥി വേഷങ്ങളാണ് മോഹൻലാൽ ആരാധകർക്ക് വിരുന്ന് ഒരുക്കാൻ ഉടൻ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |