
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസൺ ദിലീപ്കുമാറും വീണ്ടും ഒന്നിക്കുന്ന 'ജയിലർ 2'. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. നേരത്തെ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ചിത്രത്തിൽ കാമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഷാരൂഖ് ജയിലർ-2 വിൽ നിന്നും പിന്മാറിയതായാണ് സൂചന. തന്റെ പുതിയ ചിത്രമായ കിംഗിന്റെ തിരക്കുകൾ കാരണമാണ് ഷാരൂഖ് ജയിലറിൽ നിന്നും ഒഴിഞ്ഞതെന്നാണ് വിവരം. ഷാരൂഖിന് പകരം ബോളിവുഡ് താരം ഹൃത്വിക് റോഷൻ കാമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചിത്രത്തിൽ അഞ്ചു ദിവസത്തെ അതിഥി വേഷം ചെയ്യാൻ ഷാരൂഖ് സമ്മതം അറിയിക്കുകയും തന്റെ ഡേറ്റുകൾ ചിത്രത്തിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, മകൾ സുഹാന ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയായ കിംഗിനാണ് താരം നിലവിൽ പ്രാധാന്യം നൽകുന്നത്. കിംഗിലെ തന്റെ പ്രത്യേക ഗെറ്റപ്പും ലുക്കും പുറത്തുപോകാതിരിക്കാൻ, 'ജയിലർ 2'ന്റെ റിലീസ് കിംഗിന് ശേഷമാക്കാൻ ഷാരൂഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിലറിന്റെ റിലീസ് നീട്ടിവയ്ക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കാത്തതിനെത്തുടർന്നാണ് താരം പ്രോജക്ടിൽ നിന്നും പിന്മാറിയത്.
അതേസമയം നീണ്ട 40 വർഷത്തിന് ശേഷമാണ് രജനികാന്തും ഹൃത്വിക് റോഷനും വെള്ളിത്തിരയിൽ ഒരുമിക്കുന്നത്. 1986-ൽ പുറത്തിറങ്ങിയ 'ഭഗവാൻ ദാദാ' എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അന്ന് ഹൃത്വിക് ഒരു ബാലതാരമായിരുന്നു. ഹൃത്വിക്കിന് പുറമെ വൻ താരനിരയാണ് ജയിലർ-2 വിൽ അതിഥി വേഷങ്ങളിൽ എത്തുക. മോഹൻലാൽ, ശിവ രാജ്കുമാർ, മിഥുൻ ചക്രവർത്തി, വിനായകൻ, വിജയ് സേതുപതി എന്നിവരും കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായിട്ടുണ്ടെങ്കിലും പ്രധാന രംഗങ്ങളുടെ എഡിറ്റിംഗ് കണ്ട അണിയറപ്രവർത്തകർ പൂർണ തൃപ്തരായിരുന്നില്ല. ഇതേത്തുടർന്ന് ചില താരങ്ങളോട് വീണ്ടും ഡേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |