നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഫാൻസ് മീറ്റപ്പ് അടുത്തിടെ ഒരു യൂട്യൂബ് ചാനലിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. അന്ന് പരിപാടിക്കിടെ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു. താങ്കൾ കണ്ട ഏറ്റവും പച്ചയായ, സത്യസന്ധനായ മനുഷ്യൻ ആരായിരുന്നു എന്ന്. ഈ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി, നടൻ ഇന്ദ്രൻസിന്റെ പേരായിരുന്നു. ഇന്ദ്രൻസിനെ പോലെ ഒരാൾ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നുപറയുന്ന ഇന്ദ്രൻസിന്റെ അഭിമുഖം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
'സുരേഷ് ഗോപി സാറുമായുള്ള ബന്ധം വളരെ വലുതാണ്. കോസ്റ്റ്യൂമിലൊക്കെ നിൽക്കുന്ന സമയത്ത് 'പൊന്നുച്ചാമി' എന്ന സിനിമ മുതലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരുപാട് പടങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. കുടുംബവുമായി നല്ല അടുപ്പമാണ്. കാണുമ്പോൾ കുറച്ച് നേരം മിണ്ടാതിരിക്കും. പിന്നെ കെട്ടിപ്പിടിക്കും. അങ്ങനെയുള്ള ഒരു ബന്ധമാണ്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല.
പിന്നെ ഞങ്ങൾക്കിടയിൽ ഒരു നോവ് കിടപ്പുണ്ട്. ഒരു തയ്യൽക്കാരനെ സംബന്ധിച്ചുള്ള നോവും കൂടിയാണത്. ഒരു പടം ചെയ്‌തോണ്ടിരിക്കുമ്പോൾ അതിന്റെ കോസ്റ്റ്യൂമായ ഷർട്ടുമായി അദ്ദേഹം വീട്ടിലേക്ക് പോയി. അത് എടുത്തുവയ്‌ക്കേണ്ടത് നമ്മളാണ്. അടുത്ത ദിവസം അത് ഷൂട്ടിന് കൊടുക്കേണ്ടതാണ്. സാറിനെ വിളിച്ചപ്പോൾ രാവിലെ കൊണ്ടുവരാമെന്ന് പറഞ്ഞു. രാവിലെ വന്നപ്പോൾ, ആ ഷർട്ട് അദ്ദേഹത്തിന്റെ മകൾക്ക് വലിയ ഇഷ്ടമായെന്നും ഷൂട്ട് കഴിയുമ്പോൾ ആ ഷർട്ട് കൊടുക്കണമെന്നും പറഞ്ഞു. അങ്ങനെ ഷർട്ട് അദ്ദേഹം കൊണ്ടുപോയി.
ആ സമയത്തായിരുന്നു മകൾ ഒരു അപകടത്തിൽ മരണപ്പെട്ടത്. അടുത്ത പടത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് വന്നപ്പോൾ സാർ മറ്റൊരാളായി. അന്ന് കണ്ടപ്പോൾ സാർ പറഞ്ഞു, നീ തന്ന ഷർട്ട് ഞാൻ മകൾക്ക് പുതച്ചുകൊടുത്തെടാ എന്ന്. അവൾക്ക് ഇഷ്ടപ്പെട്ടതല്ലേ? എന്റെ മുതിർന്ന സഹോദരനെപ്പോലെ എല്ലാം പറയാം. ആള് കുഞ്ഞുങ്ങളെ പോലെയാണ്. പെട്ടെന്ന് വിഷമവും ദേഷ്യവുമൊക്കെ വരും'- ഇന്ദ്രൻസ് പറഞ്ഞു.
Actor Indrans has revealed details of his deep bond with actor and Union Minister Suresh Gopi, following Gopi's praise of Indrans as the most honest person. Indrans recounted a poignant incident where Gopi used a shirt designed by Indrans to cover his deceased daughter, highlighting their emotional connection and shared grief.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |