SignIn
Kerala Kaumudi Online
Sunday, 31 May 2026 4.12 AM IST

'നിരവധി തലമുറകൾ കേൾക്കുന്ന മനോഹര സംഗീതത്തിന്റെ ശബ്ദങ്ങളിൽ ഒന്നായി ഞാൻ മാറും'

READ ENGLISH VERSION
asha

അപാരമായ റേഞ്ചുളള ഗായിക എന്ന പേര് നൂറുശതമാനം യോജിച്ച വ്യക്തിയായിരുന്നു ആശ ഭോസ്ലെ എന്ന് നിസംശയം പറയാം. പോപ്, കാബറെ, റോക്ക്, ഡിസ്‌കോ, ക്ലാസിക്കൽ തുടങ്ങി എല്ലാത്തരം ഗാനങ്ങളും തനിക്ക് പുഷ്പംപോലെ വഴങ്ങുമെന്ന് അവർ പലകുറി തെളിയിച്ചു. സഹോദരി ലതാ മങ്കേഷ്‌കറിന് പിന്നാലെയാണ് ആശ പിന്നണി ഗാനരംഗത്തേക്കെത്തിയത്. എന്നാൽ സഹോദരിയുടെ മേൽവിലാസം കടമെടുക്കാതെ സ്വന്തം ശബ്ദംകൊണ്ട് തന്റേതായ സാമ്രാജ്യം അവർ വെട്ടിപ്പിടിച്ചു. ഷംഷാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും അരങ്ങുവാണിരുന്ന കാലത്താണിതെന്ന് ഓർക്കണം.

1956ൽ ഒ പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വൻ വഴിത്തിരിവായത്. ഈ സംഗീതജോഡി ചലച്ചിത്രലോകത്തിന് സമ്മാനിച്ച ഹിറ്റുകൾ നിരവധിയാണ്. പ്രമുഖരുടെ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചിരുന്നു. ആർ ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി മാറിയത്.തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ- ബർമൻ കൂട്ടുകെട്ടിന് തുടക്കമിട്ടത്.തുടർന്ന് ആശ അദ്ദേഹത്തിന്റെ പ്രിയ ഗായികയായി. ആ കൂട്ടുകെട്ട് ഒടുവിൽ വിവാഹത്തിലെത്തുകയും ചെയ്തു.


1990കളിൽ ആശ പതിയെ സിനിമാ രംഗത്തുനിന്ന് പിൻവാങ്ങുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. എ ആർ റഹ്മാനാണ് സംഗീതലോകത്തേക്ക് അവരെ തിരിച്ചുകൊണ്ടുവന്നത്. ഗംഭീര തിരിച്ചുവരവായിരുന്നു ഇത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹി​റ്റുകളായി. തുടർന്ന് നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി.അവയും വൻ ഹിറ്റുകളുമായി.

ഗാെറില്ലാസിന്റെ ദി ഷാഡോവി ലൈറ്റ്സ് എന്ന ഗാനമാണ് ആശ അവസാനമായി ആലപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആൽബം പുറത്തിറങ്ങിയത്. ജീവിതത്തിന്റെ ശരിയായ അർത്ഥ തലങ്ങൾ മനസിലാക്കിത്തരുന്നവയാണ് അതിലെ ഗാനങ്ങളെന്ന് ആശ കുറിച്ചിട്ടുണ്ട്. അറംപറ്റുന്ന വാക്കുകൾ പോലെയായി ആ കുറിപ്പ്. അതിനൊടുവിൽ പറഞ്ഞതുപോലെ ഗാനം പുറത്തിറങ്ങി ആഴ്ചകൾ കഴിഞ്ഞപ്പോൾ ആ സംഗീതയാത്ര പൂർത്തിയായി.

'ദി ഷാഡോവി ലൈ​റ്റ്' എന്ന ഗാനം എനിക്ക് ആഴമേറിയ അർത്ഥങ്ങൾ പകർന്നുതന്നു. വാരണാസി സന്ദർശിച്ച് ഏ​റ്റവും പവിത്രമായ ഗംഗാ നദിയിലൂടെ സഞ്ചരിച്ച് ഞാൻ കണ്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ജീവിതത്തിന്റെ അർത്ഥം, ഞാൻ ആരായിരുന്നു, ഭൂമിയിൽ ഞാൻ എന്തുചെയ്യണം എന്നൊക്കെ എനിക്ക് മനസിലായി.


'ദി ഷാഡോവി ലൈ​റ്റ്' എന്നതിൽ ഈ ആഴമേറിയ നദി മുറിച്ചുകടക്കുന്നത് എന്റെ ജീവിത യാത്രയെ സൂചിപ്പിക്കുന്നു... എന്റെ ജനനം, എന്റെ ബന്ധങ്ങൾ, സംഗീതത്തോടുള്ള എന്റെ സമർപ്പണം, എന്റെ നേട്ടങ്ങൾ, ഒരു മകൾ, അമ്മ, സഹോദരി, ഭാര്യ, ഒരു ഇന്ത്യക്കാരൻ എന്നീ നിലകളിൽ എന്റെ കടമകൾ.. തോണിക്കാരൻ എന്റെ സംഗീതമാണ്, ഈ ജീവിത നദി മുറിച്ചുകടക്കുന്ന എന്റെ വഴികാട്ടിയാണ്, ഞാൻ മറുകരയിലെത്തുമ്പോൾ, എന്റെ യാത്ര പൂർണ്ണമാകും. എനിക്ക് മോക്ഷം ലഭിക്കും, അതിൽ നമുക്ക് ചു​റ്റും പൊങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ശബ്ദങ്ങളിൽ ഒന്നായി ഞാൻ മാറും. അവയിൽ ചിലത് നിങ്ങൾ ഒരുമിച്ച് ചേർത്താൽ അവ മനോഹരമായ ഒരു രാഗമായി മാറുന്നു. അതിനാൽ, ആയിരക്കണക്കിന് വർഷങ്ങളായി നിരവധി തലമുറകൾ കേൾക്കുന്ന ഒരു മനോഹരമായ സംഗീതത്തിന്റെ ശബ്ദങ്ങളിൽ ഒന്നായി ഞാൻ മാറും' എന്നായിരുന്നു ആശയുടെ കുറിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASHA BHOSLE, RIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY