
ഒന്നിനു പിറകെ ഒന്നായി സിനിമകൾ. അതും നായികവേഷവുമായി. ഓഗസ്റ്റിൽ വിവായും തമിഴ് ചിത്രം റാം ആന്റ് ലീലയും . കോളേജ് ക്യാമ്പസിലെ എൻ.എസ്.എസ് ക്യാമ്പിന്റെ കഥയുമായി വരുന്ന പ്രേം പാറ്റ ഒക്ടോബറിൽ റിലീസ് ചെയ്യും. ജൂൺ സിനിമയിൽ കട്ടിക്കണ്ണട വച്ച് മുടി കേൾ ചെയ്ത ചഞ്ചൽ കൃഷ്ണൻ എന്ന നാടൻ പ്ലസ് ടു കുട്ടിയായാണ് നയന എൽസ പ്രേക്ഷകരോട് ഇഷ്ടം കൂടുന്നത്. മണിയറയിലെ അശോകനിൽ സ്കൂൾ ടീച്ചറായി പ്രൊമോഷൻ കിട്ടി. ഗാർഡിയനിൽ നായികയായി. ആ യാത്ര മനോഹരമായി മാറിയതിന്റെ വിശേഷങ്ങളുമായി നയന എൽസ ചേരുന്നു.
വിവായുടെ അമല
ധ്യാൻ ശ്രീനിവാസന്റെയും അഭിഷേക് ശ്രീകുമാറിന്റെയും നായിക വേഷം. ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് വേറിട്ടതാണ് വിവായിലെ അമല. വിവാഹം കഴിഞ്ഞ പക്വതയും ഉത്തരവാദിത്വവും നിറഞ്ഞ കഥാപാത്രം. നാലു കഥകളാണ് വിവാ. എന്നാൽ എന്റെ കഥാപാത്രത്തിന്റെ ജീവിത പരിസരം വേറിട്ടതാണ്.
'ബബ്‌ളി' എന്ന വിളി മാറിയതാണ് സന്തോഷങ്ങളിലൊന്ന് .മുൻപ് ബബ്‌ളിയായി ഇരുന്നപ്പോൾ സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുമോ എന്ന ചിന്ത പലർക്കും ഉണ്ടായിരുന്നു.സീരിയസ് കഥാപാത്രങ്ങൾ വരുന്നില്ലെന്ന വിഷമം എനിക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതു മാറി. അല്ലാത്ത കഥാപാത്രങ്ങൾ വന്നു. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ഒരു കഥാപാത്രം വന്നാൽ ഏറ്റവും നന്നായി ചെയ്യുക എന്ന ചിന്തയും ആലോചനയും ഉണ്ടാകുന്നു. ഇതിനു രണ്ടിനുമാണ് മുൻതൂക്കം നൽകുന്നത്. ഏതുതരം കഥാപാത്രവും നന്നായി ചെയ്യുകയാണ് ലക്ഷ്യവും ആഗ്രഹവും.
ഇപ്പോഴും 'കുഞ്ഞി'
ജൂൺ സിനിമയിൽ അവതരിപ്പിച്ച 'കുഞ്ഞി' ഇപ്പോഴും ആളുകളുടെ മനസിലുണ്ട്. എവിടെപ്പോയാലും 'കുഞ്ഞി' ആയി കാണുന്നു. 'ഋ' സിനിമയിലെ പ്രിയയും അറ്റിലെയും ഉല്ലാസത്തിലെയും കഥാപാത്രങ്ങൾ എല്ലാം ബബ്‌ളി തന്നെയായിരുന്നു. ജൂണിനുശേഷം സ്കൂൾ പടം പിന്നെ വന്നില്ല. നിഷ്കളങ്കയായ നെക്സ്റ്റ് ഡോർ ഗേൾ കഥാപാത്രങ്ങൾ തന്നെയാണ് എല്ലാവരും.
കരിയറിലെ മികച്ച സമയത്തിലൂടെയാണോ കടന്നുപോകുന്നതെന്ന് അറിയില്ല. സിനിമകൾ വരുന്നു , ചെയ്യുന്നു .എന്നാൽ തിയേറ്ററിൽ വരികയും ആളുകൾ ഏറ്റെടുക്കുകയും വേണമല്ലോ. അഭിനയിച്ചിട്ട് റിലീസാകാത്ത സിനിമയുണ്ട്.സിനിമകൾ റിലീസാകാതെ വരുമ്പോൾ സ്വാഭാവികമായും വിഷമം ഉണ്ടാകുമല്ലോ. ആളുകൾ വന്നു കണ്ടാൽ മാത്രമേ നമ്മുടെ കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കൂ. ഏറ്റവും മികച്ച സമയം ഇനി, വരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് വിചാരിക്കുന്നത്.
സിനിമയോട് പ്രണയം
കരിയറിൽ സിനിമകൾ വരാതിരുന്നിട്ടില്ല. വന്ന സിനിമകൾ മറ്റു പല കാരണംകൊണ്ട് മാറി പോവാറുണ്ടായിരുന്നു. വീട്ടുകാരുടെ വലിയ പ്രോത്സാഹനം തന്നെയുണ്ട്. പ്രേംപാറ്റ കഴിഞ്ഞു കാലന്റെ തങ്കക്കുടം ആയിരിക്കും അടുത്ത റിലീസ്.ജൂണിനുശേഷം വീണ്ടും ഫ്രൈഡ ഫിലിം ഹൗസിന്റെ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബ്യൂട്ടി പേജന്റ് വിൻ ചെയ്യുക എന്ന സ്വപ്നം സഫലമാക്കിയശേഷം ആണ് സിനിമയിലേക്ക് എത്തുന്നത്. സിനിമയെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. ബികോം ടാക്സേഷനുശേഷം സി.എം.എ പഠനം ആരംഭിച്ചെങ്കിലും സിനിമയിൽ തിരക്കായതോടെ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൊച്ചിയിൽ ആണ് സ്ഥിരതാമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |