SignIn
Kerala Kaumudi Online
Sunday, 13 September 2026 6.59 PM IST

'സത്യം, അനുഷ്‌കയെ കണ്ടത് വെറും രണ്ടുപ്രാവശ്യം', വിവാഹത്തിനുപിന്നാലെ സിദ്ധാർത്ഥ് മല്യയുടെ വെളിപ്പെടുത്തൽ

READ ENGLISH VERSION
sidhartha-mallya

വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ മകനും നടനുമായ സിദ്ധാർത്ഥ് മല്യ വിവാഹിതനായതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണുമായി താൻ ഡേ​റ്റിംഗിലായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സിദ്ധാർത്ഥ് മല്യ. ഇന്ത്യാടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തലുകൾ.

ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌കാ ശർമയുമായി ബന്ധപ്പെട്ട് സിനിമാലോകത്തുണ്ടായിരുന്ന വിവാദങ്ങളെക്കുറിച്ചും സിദ്ധാർത്ഥ് പ്രതികരിച്ചു. അനുഷ്‌കയുമായി താൻ ഡേ​റ്റിംഗ് നടത്തിയിട്ടില്ലെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. '2014ൽ അനുഷ്‌കയെയും വിരാടിനെയും ആകെ രണ്ടു പ്രാവശ്യം മാത്രമേ പാർട്ടികളിൽ വച്ച് കണ്ടിട്ടുളളൂ. ആ സമയങ്ങളിൽ താൻ ദീപിക പദുക്കോണുമായി ഡേ​റ്റിംഗിലായിരുന്നു. അപ്പോഴും ഞാനും അനുഷ്‌കയുമായും പ്രണയത്തിലാണെന്ന തരത്തിലുളള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഞാൻ ദീപികയുമായി എത്തിയ പാർട്ടികളിൽ അവരുമുണ്ടായിരുന്നു. ഇതാണ് സത്യം'- സിദ്ധാർത്ഥ് പറഞ്ഞു.

നടിയും മോഡലുമായ ജാസ്‌മിനെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. പുറത്തുവന്ന ചിത്രങ്ങളിൽ എമെറാൾഡ് ഗ്രീൻ വെൽവെ​റ്റ് ടക്സീഡോയാണ് സിദ്ധാർത്ഥ് മല്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വെളള ഗൗണാണ് വധു അണിഞ്ഞിരിക്കുന്നത്. വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് ജാസ്മിൻ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബറിൽ വിവാഹനിശ്ചയം നടന്നിരുന്നു. അന്നും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായിരുന്നു.

2023ലെ ഹാല്ലോവീൻ ആഘോഷങ്ങൾക്കിടെയാണ് സിദ്ധാർത്ഥ് ജാസ്‌മിനെ പ്രൊപ്പോസ് ചെയ്തത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച സിദ്ധാർത്ഥ് മല്യ ലണ്ടനിലും യുഎഇയിലുമാണ് വളർന്നത്. വെല്ലിംഗ്‌ടൺ കോളേജിലും ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിലും പഠിച്ച അദ്ദേഹം റോയൽ സെൻട്രൽ സ്‌കൂൾ ഓഫ് സ്‌പീച്ച് ആൻഡ് ഡ്രാമയിൽ നിന്നും ബിരുദം നേടി.


മോഡലായും അഭിനേതാവായും കരിയർ ആരംഭിച്ച സിദ്ധാർത്ഥ് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിന്നസിന്റെ മാർക്കറ്റിംഗ് മാനേജരായും ജോലി നോക്കിയിട്ടുള്ള സിദ്ധാർത്ഥ് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മുൻ ഡയറക്ടർ ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY