SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

പോളിംഗ് വർദ്ധന ഗുണം ആർക്ക്

voting

തിരുവനന്തപുരം: പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനയുടെ കൂട്ടിക്കിഴിക്കലിലാണ് മുന്നണി നേതൃത്വങ്ങൾ. കണ്ണൂർ ഒഴികെ മറ്രെല്ലാ ജില്ലകളിലും പോളിംഗ് ശതമാനം ഉയർന്നു.

സംസ്ഥാന ഭരണം തിരിച്ചുപിടിച്ചെന്ന മട്ടിലുള്ള ആത്മവിശ്വാസമാണ് യു.ഡി.എഫ് നേതാക്കൾ പ്രകടിപ്പിച്ചത്. എന്നാൽ ഭരണ തുടർച്ചയിൽ സംശയമേ ഇല്ലെന്നാണ് ഇടത് നേതാക്കളുടെ പ്രതികരണം. കേരളത്തിൽ മൂന്ന് മുന്നണികൾ മത്സരിച്ച അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും അടുത്തതവണ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മും കോൺഗ്രസും ഒറ്റ മുന്നണിയാകേണ്ടി വരുമെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ പറഞ്ഞത്.

എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഭരണതുടർച്ചയുണ്ടാവുമെന്ന് ആവർത്തിച്ചെങ്കിലും എത്ര സീറ്റ് ലഭിക്കുമെന്ന് പറയാൻ തയ്യാറായില്ല. എന്നാൽ നൂറിലധികം സീറ്റെന്നതിൽ തർക്കം വേണ്ടെന്ന ആത്മവിശ്വാസമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും പ്രകടിപ്പിച്ചത്. എറണാകുളം, മലപ്പുറം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലായി 43 സീറ്റുകൾ തൂത്തുവാരുമെന്ന് വി.ഡി.സതീശൻ പറയുന്നു.

ഗൾഫ് വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഏതു മുന്നണിയെയാവും ബാധിക്കുക എന്നത് പ്രധാനമാണ്. 2021 തിരഞ്ഞെടുപ്പിൽ കലവറയില്ലാതെ തുണച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലെ പോളിംഗ് വർദ്ധന എങ്ങനെയാവുമെന്നാണ് എൽ.ഡി.എഫ് ഉറ്റുനോക്കുന്നത്.

സി.പി.എം സെക്രട്ടേറിയറ്റ് നാളെ

കെ.പി.സി.സി നേതൃയോഗം ഉടൻ

 സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഞായറാഴ്ച ചേർന്ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തും. പാളിച്ചകൾ ഉണ്ടായോ എന്ന് പരിശോധിക്കും. പിന്നാലെ ജില്ലാ കമ്മിറ്റികളും വോട്ടിംഗ് കണക്കുകൾ വിശദമായി വിലയിരുത്തും.

 ഇന്നലെ രാത്രി ഓൺലൈനിൽ കെ.പി.സി.സി ഭാരവാഹികൾ യോഗം ചേർന്ന് പ്രാഥമിക വിലയിരുത്തൽ നടത്തി. വിഷു കഴിഞ്ഞാൽ കെ.പി.സി.സി നേതൃയോഗവും അനുബന്ധമായി യു.ഡി.എഫ് യോഗവും നടക്കും.

 ഈ ആഴ്ച തന്നെ ബി.ജെ.പി ദേശീയ നിരീക്ഷകരും സംസ്ഥാന ഭാരവാഹികളും ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA