ദുബായ്: രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള ഫുജൈറയിൽ പുതിയ ആഴക്കടൽ തുറമുഖം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. യുഎസ് ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ സുരക്ഷാഭീഷണികളും രാജ്യത്തുണ്ടായ പ്രതിസന്ധികളും മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ പുതിയ നീക്കം.
നിലവിൽ പുതിയ തുറമുഖവും കണ്ടെയ്നർ ടെർമിനലും വികസിപ്പിക്കാനുള്ള അന്തിമ ചർച്ചകളിലാണ് ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ചരക്കുഗതാഗത-ലോജിസ്റ്റിക് കമ്പനിയായ ഡിപി വേൾഡ്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഗൾഫ് മേഖലയിലേക്കുള്ള ചരക്കുനീക്കത്തിന്റെ ചരിത്രം തന്നെ മാറി മറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ചരക്കുകപ്പലുകൾക്ക് സുരക്ഷാഭീഷണിയുള്ള ഹോർമൂസ് കടലിടുക്ക് വഴിയുള്ള യാത്ര പൂർണമായും ഒഴിവാക്കി യുഎഇയിൽ എത്തിച്ചേരാനും സാധിക്കും.
എന്താണ് പുതിയ ഫുജൈറ തുറമുഖ പദ്ധതി?
ഹോർമൂസ് കടലിടുക്കിന് പുറത്ത് ഒമാൻ ഉൾക്കടലിനോട് ചേർന്നാണ് ഫുജൈറ സ്ഥിതി ചെയ്യുന്നത്. പുതിയ പദ്ധതി വരുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നെത്തുന്ന കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലേക്ക് കടക്കാതെ തന്നെ ഫുജൈറയിൽ ചരക്കുകൾ ഇറക്കാൻ സാധിക്കും. പിന്നീട് ഇവിടെ നിന്ന് റോഡ് മാർഗവും ഭാവിയിൽ ഇത്തിഹാദ് റെയിൽ വഴിയും ചരക്കുകൾ ദുബായ്, അബുദാബി തുടങ്ങിയ മറ്റ് ഗൾഫ് നഗരങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ സാധിക്കും.
ദശലക്ഷം ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പുതിയ പദ്ധതി പതിനെട്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് ഡിപി വേൾഡിന്റെ കണക്കുക്കൂട്ടൽ. എന്നാൽ ഇത് നിലവിലെ ജെബൽ അലി തുറമുഖത്തിന് പകരമല്ലെന്നും അടിയന്തര സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ബദൽ മാർഗം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. പുതിയ തുറമുഖത്തിലൂടെ കപ്പൽഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും പ്രാദേശിക ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാകുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ജെബൽ അലി തുറമുഖത്തെ മറികടക്കാൻ യുഎഇയെ പ്രേരിപ്പിച്ച കാരണങ്ങൾ
പതിറ്റാണ്ടുകളായി യുഎഇയുടെ സാമ്പത്തിക വളർച്ചയുടെ നെടുംതൂണാണ് ജെബൽ അലി തുറമുഖം. ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന ചരക്കുകൾ യൂറോപ്പിലേയ്ക്കും ആഫ്രിക്കയിലേയ്ക്കും എത്തിക്കുന്ന പ്രധാന കേന്ദ്രമാണിത്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ സ്ഥിതി ചെയ്യുന്ന ജെബൽ അലിയിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള ഹോർമൂസ് കടലിടുക്കിലൂടെ വേണം കടന്നുപോകാൻ.
എന്നാൽ ഈ ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ് - ഇറാൻ സംഘർഷങ്ങൾ ജെബൽ അലി തുറമുഖം വഴിയുള്ള ചരക്കുകപ്പൽ ഗാതാഗതത്തെ പ്രതിസന്ധിയിലാക്കി. തുടർച്ചയായുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കാരണം ഇതുവഴിയുള്ള കപ്പൽ യാത്ര തീർത്തും അപകടകരമായി മാറി. ഇതോടെ ജബൽ അലി തുറമുഖത്തെ ചരക്കുനീക്കം 90 മുതൽ 95 ശതമാനം വരെ കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെയാണ് ബദൽ മാർഗം കണ്ടെത്താൻ യുഎഇ നിർബന്ധിതരായത്.
പുതിയ തുറമുഖം ഏങ്ങനെ ഇന്ത്യയ്ക്ക് ആശ്വാസമാകും
യുഎഇയുമായി വലിയ തോതിൽ വ്യാപാരം നടത്തുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ പുതിയ തുറമുഖം വളരെ നിർണായകമാണ്. കാരണം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമൂസിലടക്കം നിരവധി ഇന്ത്യൻ ചരക്കു കപ്പലുകൾ അപകടത്തിൽപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ യുഎഇയുടെ പുതിയ ഫുജൈറ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ ചരക്കുനീക്കം സുരക്ഷിതമാക്കാനും ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് കണക്കുക്കൂട്ടൽ.
The UAE is developing a new deep-sea port in Fujairah, outside the Strait of Hormuz. This initiative, driven by security threats from US-Iran tensions, aims to provide an alternative shipping route, bypassing the dangerous strait. DP World is in final discussions for the project, projected to cost millions and be operational within 18 months, boosting UAE's logistics capabilities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |