SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

പി.സി.വിഷ്ണുനാഥ് കേരളകൗമുദിയോട് 'യു.ഡി.എഫ് 100 കടക്കും '

pc

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം തീപിടിച്ച സംവാദങ്ങളിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് തന്ത്രങ്ങൾക്ക് രൂപം നൽകുന്നവരിൽ പ്രധാനിയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കേരളകൗമുദിയോട് പറഞ്ഞു.

?തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതീക്ഷ

കേരളത്തിൽ അതിഭീകര ഭരണവിരുദ്ധ തരംഗമാണ്. ഭരണത്തിന്റെ ആനുകൂല്യം ലഭിച്ച വളരെക്കുറച്ച് പേരൊഴികെയുള്ള ഇടതുപക്ഷക്കാർ പോലും പിണറായി ഭരണത്തെ തൂത്തെറിയാൻ ആഗ്രഹിക്കുന്നു. ജനവികാരം മറികടക്കാൻ കോടികൾ മുടക്കി നൽകുന്ന പരസ്യങ്ങളൊന്നും സർക്കാരിനെ രക്ഷിക്കില്ല. വിദേശികൾ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്നുവെന്നാണ് ഒരുപരസ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച ഓട്ടോഡ്രൈവർ വേണുവിന്റെ കുടുംബം ഈ പരസ്യം കാണുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ പോയി ചികിത്സ ലഭിക്കാതെ മടങ്ങിയ ലക്ഷങ്ങളുടെ മനസിനെ ഈ പരസ്യങ്ങൾക്ക് മാറ്റാൻ കഴിയുമോ? കേരളത്തിൽ റെക്കാർഡ് പി.എസ്.സി നിയമനം എന്നാണ് മറ്റൊരു പരസ്യം. ഒന്നാം റാങ്ക് ലഭിച്ചിട്ട് പോലും നിയമനം ലഭിക്കാതെ സമരം ചെയ്യുന്നവർ ഈ പരസ്യത്തെ എങ്ങനെയാകും കാണുക?

?പ്രധാന പ്രചാരണ വിഷയങ്ങൾ

വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി. രാജ്യത്ത് വിലക്കയറ്റം കൂടുതലുള്ള സംസ്ഥാനമായി കേരളം മാറി. അഴിമതി എന്ന വാക്ക് കേൾക്കുമ്പോൾ ജനത്തിന്റെ മനസിലേക്ക് ഓർമ്മവരുന്നത് സ്വർണക്കൊള്ളയാണ്. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കതകുമടക്കം അടിച്ചുമാറ്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനം കനത്തപ്രഹരം നൽകിയിട്ടും സർക്കാർ പഠിച്ചില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾ പുറത്തിറങ്ങുമെന്ന് അറിയാം. എന്നിട്ടും കുറ്റപത്രം നൽകിയില്ല. പ്രതികളെല്ലാം കൂട്ടത്തോടെ പുറത്തിറങ്ങി.

?കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ തർക്കം യു.ഡി.എഫ് സാദ്ധ്യതയെ ബാധിക്കുമോ

കോൺഗ്രസ് 55 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ ഒരു തർക്കവുമുണ്ടായിരുന്നില്ല. രണ്ടാംഘട്ട പട്ടികയുടെ ചർച്ച നടന്ന അവസാന രണ്ടു ദിവസങ്ങളിലാണ് തർക്കമെന്ന പേരിൽ വാർത്തകൾ വന്നത്. പട്ടിക പുറത്തിറങ്ങിയതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഒരിടത്ത് പോലും റിബലുകളും എതിർസ്വരങ്ങളുമില്ല.

?മറുകണ്ടം ചാടിയവർക്ക് സീറ്റ് നൽകിയത് പ്രവർത്തകരിലും നേതാക്കളിലും അസംതൃപ്തി ഉണ്ടാക്കില്ലേ

കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉന്നതമായ രാഷ്ട്രീയ ബോദ്ധ്യമുള്ളവരവാണ്. അവർ എങ്ങനെയും യു.ഡി.എഫ് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. സി.പി.എമ്മിലെ മൂല്യച്യുതിക്കെതിരെ പ്രതികരിച്ച് പുറത്തുവരുന്നവരെയാണ് കോൺഗ്രസ് സ്വീകരിച്ചത്. എം.വി.രാഘവൻ സി.പി.എമ്മിലുണ്ടായിരുന്ന ഘട്ടത്തിൽ കോൺഗ്രസിനുനേരെ കായികമായ ആക്രമണങ്ങൾ വലിയതോതിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹം സി.പി.എം വിട്ടപ്പോൾ യു.ഡി.എഫ് രാഷ്ട്രീയ അഭയം നൽകി. ഗൗരിഅമ്മയെയും അങ്ങനെ സ്വീകരിച്ചു. മറിച്ചും സംഭവിച്ചിട്ടുണ്ട്.

?മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ കലഹമുണ്ടാകില്ലേ

ഒരു പ്രശ്നവുമുണ്ടാകില്ല. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. നേതാക്കൾ ഒറ്റക്കെട്ടായി അംഗീകരിക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടാകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അവർ മാനസികമായി അംഗീകരിച്ചതിന്റെ തെളിവാണ്.

?കുണ്ടറയിലെ പ്രതീക്ഷ

കഴിഞ്ഞ അഞ്ചുവർഷം ഞാൻ കുണ്ടറയിലെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. അവർക്കിടയിലേക്ക് ഞാൻ ചെന്നു. ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിലും അങ്ങനെ തന്നെ. ഞാൻ അവർക്ക് നൽകിയ സ്നേഹം അവർ തിരിച്ചുനൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA