SignIn
Kerala Kaumudi Online
Saturday, 17 October 2026 5.36 PM IST

വിവാദങ്ങളോടെ തുടക്കം, ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറി പുറത്തേക്ക്; പദവിയിലിരുന്നത് ഒരാഴ്ച മാത്രം

-katie-zacharia-
കാറ്റി സക്കറിയ ഡൊണാൾഡ് ട്രംപിനൊപ്പം

വാഷിംഗ്ടൺ; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കാറ്റി സക്കറിയ അഞ്ച് ദിവസത്തിനുശേഷം പുറത്തേക്ക്. വാൾ സ്ട്രീറ്റ് ജേണലിന് അഭിമുഖം നൽകുന്നതിനിടെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജേസൺ മില്ലർ അവരെ വിളിച്ചുവരുത്തുകയായിരുന്നു. അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് പോയ കാറ്റി പിന്നീട് മടങ്ങിയെത്തിയില്ല.

യോഗ്യതാ വിവാദങ്ങളുടെയും മാദ്ധ്യമങ്ങളിൽ നിന്ന് നേരിട്ട കടുത്ത വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് കാറ്റി സക്കറിയയുടെ പടിയിറക്കം. പ്രസ് സെക്രട്ടറി സ്ഥാനത്തേക്കുള്ള യോഗ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളും ആദ്യ വാർത്താ സമ്മേളനത്തിലെ പ്രകടനത്തെക്കുറിച്ചുള്ള വിമർശനങ്ങളും കാറ്റിയെ വിവാദത്തിലാക്കിയിരുന്നു.

ഒക്ടോബർ 12ന് ചുമതലയേറ്റ സക്കറിയയുടെ ആദ്യ വാർത്താസമ്മേളനം തന്നെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ കുറിപ്പുകൾ വായിച്ചാണ് അവർ സംസാരിച്ചത്. മൂന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകിയ ശേഷം ഏകദേശം 14 മിനിറ്റിനുള്ളിൽ അവർ മടങ്ങി. ഇതിനു പിന്നാലെ അവരുടെ ഔദ്യോഗിക യോഗ്യതകളും മാദ്ധ്യമങ്ങളോട് ചോദ്യങ്ങൾ കൈകാര്യം ചെയ്ത രീതിയും ചർച്ചയായി.

മുൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന് പകരക്കാരിയായാണ് കാറ്റി സക്കറിയയെ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിൽ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവായും ആഭ്യന്തര സുരക്ഷാ വകുപ്പിൽ വക്താവായും പ്രവർത്തിച്ച ശേഷമാണ് കാറ്റി വൈറ്റ് ഹൗസിലെത്തിയത്. കാറ്റിക്ക് നിയമ ബിരുദമുണ്ടെങ്കിലും അമേരിക്കയിൽ അഭിഭാഷകയായി പ്രവർത്തിക്കാനുള്ള ബാർ പരീക്ഷയിൽ വിജയിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലാണ് മറ്റൊരു വിവാദത്തിന് വഴിവച്ചത്.

കാലിഫോർണിയയിലെ പെപ്പർഡൈൻ സർവകലാശാലയിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ കാറ്റി സക്കറിയ അഭിഭാഷകയെന്ന നിലയിൽ സ്വയം പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബാർ പരീക്ഷയിൽ വിജയിച്ചിട്ടില്ലെന്ന് അവർ സമ്മതിച്ചു. ഇതോടെ അവരുടെ പ്രൊഫഷണൽ യോഗ്യതകളെക്കുറിച്ചും ചോദ്യങ്ങളുയരുകയായിരുന്നു.

അതേസമയം, സക്കറിയയുടെ ഭാവിയെക്കുറിച്ച് ട്രംപ് നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. മാദ്ധ്യമങ്ങളുടെ കടുത്ത വിമർശനം നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ ഈ ജോലി തുടരണമോയെന്ന് പുനഃപരിശോധിക്കാൻ താൻ അവരോട് നിർദേശിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഈ ജോലിയിൽ സന്തോഷത്തോടെ തുടരാൻ കഴിയുമോയെന്ന് ആലോചിക്കണമെന്നും അദ്ദേഹം കാറ്റിക്ക് ഉപദേശം നൽകിയതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായുള്ള അവരുടെ കാലാവധി ഒരാഴ്ച പോലും തികയാതെ അവസാനിച്ചത്.

English Summary

Donald Trump's White House Press Secretary, Katie Zacharias, resigned after just five days amidst intense media scrutiny. Her departure followed controversies over her professional qualifications, including failing the bar exam despite holding a law degree. Her performance at the first press conference also drew criticism, leading Trump to advise her to reconsider the demanding role.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATIE ZACHARIA, DONALD TRUMP, WHITE HOUSE PRESS SECRETARY, KATIE ZACHARIA CONTROVERSY, JD VANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360