വാഷിംഗ്‌ടൺ: വിദ്യാർത്ഥിയുടെ ബാഗിൽ മൂത്രമൊഴിച്ച അദ്ധ്യാപകനെതിരെ നടപടിയെടുത്ത് യുഎസ് പൊലീസ്. മിനസോട്ടയിലെ മെകാലെസ്റ്റർ കോളേജിലെ ബയാേളജി പ്രൊഫസർ പോൾ ഫിഷറിനെതിരെയാണ് ക്രിമിനൽ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രൊഫസർ കുറ്റം ചെയ്തുവെന്ന് കോടതിയിൽ തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും കടുത്ത പിഴയും ലഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
2025 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കോളേജിലെ സയൻസ് സെന്ററിൽ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥിനി അൽപ്പസമയത്തേക്ക് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ബാാഗ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും മൂത്രത്തിന്റെ ഗന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തത്. സംഭവസമയത്ത് സമീപത്ത് ഫിഷർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും ബാഗിനുണ്ടായ കേടുപാടുകൾക്ക് 2,000 ഡോളറിന്റെ നഷ്ടം കണക്കാക്കുന്ന രേഖകൾ സമർപ്പിക്കുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കോളേജിലെ സയൻസ് സെന്ററിൽ മുമ്പും സമാനമായ രീതിയിൽ മൂത്രം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ ആറു പരാതികൾ ലഭിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പ്രൊഫസറെ ചോദ്യംചെയ്യലിനിടെ കഴിഞ്ഞ രണ്ടു വർഷമായി കപ്പുകളിൽ മൂത്രമൊഴിച്ചശേഷം അവ ക്യാമ്പസിലെ ചവറ്റുകുട്ടകളിലോ ലബോറട്ടറിയിലെ സിങ്കുകളിലോ ഒഴിച്ചുകളയുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്ന് ഫിഷർ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഓഫീസിന് സമീപം കപ്പ് ഒഴിച്ചുകളയുന്നതിനിടെ അബദ്ധത്തിൽ വിദ്യാർത്ഥിനിയുടെ ബാഗിൽ മൂത്രം വീണിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.
25 വർഷത്തിലേറെയായി മക്കാലെസ്റ്റർ കോളേജിൽ പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു ഫിഷർ. സംഭവങ്ങളിൽ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെ അദ്ദേഹം രാജിവച്ചതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. 2025–26 അദ്ധ്യയനവർഷത്തിൽ ഫിഷറുമായുള്ള തൊഴിൽബന്ധം അവസാനിച്ചതായി കോളേജ് അധികൃതരും സ്ഥിരീകരിച്ചു. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് വർഷം തടവും 10,000 ഡോളർ പിഴയുമാണ് ശിക്ഷ. നവംബർ ആദ്യം പ്രൊഫസർ കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
US police have charged Macalester College Biology Professor Paul Fischer with criminal offenses for allegedly urinating into a student's bag. Fischer, who resigned, admitted to a two-year habit of urinating in cups and discarding them on campus. He faces up to five years in prison and a fine if convicted. The incident follows six prior complaints of urine found in the science center.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |