SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.16 AM IST

എൻ.എച്ച്.എം ജീവനക്കാരുടെ കരാർ ചുരുക്കി പിരിച്ചുവിടൽ ഭീഷണിയിൽ 17,000 ജീവനക്കാർ

1

തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എ) പ്രവർത്തിക്കുന്ന ജീവനക്കാരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സർക്കാർ. ഒരുവർഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായാണ് ചുരുക്കിയത്. എൻ.എച്ച്.എം സംസ്ഥാന ഡയറക്ടറുടേതാണ് നടപടി. ജോലി വിലയിരുത്തിക്കൊണ്ടുള്ള പെർഫോമൻസ് അപ്രൈസൽ പൂർത്തിയാക്കിയ ശേഷം കരാർ പുതുക്കിയാൽ മതിയെന്നാണ് തീരുമാനം. 19 വർഷമായി പ്രവർത്തിക്കുന്നവർ എൻ.എച്ച്.എമ്മിലുണ്ട്.

കൂട്ടപ്പിരിച്ചുവിടലുണ്ടായാൽ വലിയ വിഭാഗം പ്രതിസന്ധിയിലാകും. 17,000ത്തോളം ജീവനക്കാരുള്ള എൻ.എച്ച്.എമ്മിൽ ഇടതുസംഘടനയാണ് പ്രബലം. ഇവരിൽ വലിയൊരുവിഭാഗത്തെ പിരിച്ചുവിട്ട് പുതിയ സർക്കാരിന് അനുകൂലമായവരെ തിരുകി കയറ്റാനുള്ള നീക്കമാണിതെന്ന് ഇടത് സംഘടനാനേതാക്കൾ ആരോപിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ എൻ.എച്ച്.എം ജീവനക്കാരുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ഓഫീസ് ജോലിയിലുള്ള എൻജിനിയർമാർ, എം.ബി.എ, എം.എസ്.ഡബ്ലിയു ബിരുദധാരികൾ തുടങ്ങിയവർ മിഷന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ജോലിചെയ്യുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ 40 ശതമാനവും 60ശതമാനം കേന്ദ്രഫണ്ടും ഉപയോഗിച്ചാണ് എൻ.എച്ച്.എം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതാക്കൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NHM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA