SignIn
Kerala Kaumudi Online
Friday, 07 August 2026 12.56 AM IST

220 അപൂർവ്വ രാമായണങ്ങളുമായി രാമകഥകളിൽ ലയിച്ച്...

ramayanam

തൊടുപുഴ: 300 വർഷം പഴക്കമുള്ള താളിയോലഗ്രന്ഥരാമായണം മുതൽ മാപ്പിളരാമായണം വരെ 220 അപൂർവ്വ രാമായണങ്ങൾ!

രാമകഥകൾ നിറഞ്ഞ വീട്ടിൽ നിന്ന് രാമായണമഹാത്മ്യത്തിൻ്റെ പ്രചാരണദൗത്യം ഏറ്റെടുക്കുകയാണ് സി. പത്മനാഭൻ(76). ഒഡീസി ഒഴികെയുള്ള മുഴുവൻ ഇന്ത്യൻ ഭാഷകളിലേയും രാമായണഗ്രന്ഥങ്ങളുണ്ട് കൈവശം. ഇംഗ്ലീഷ്, ഉറുദു, നേപ്പാളി ഗ്രന്ഥങ്ങൾ വേറെയും. 180 ഗ്രന്ഥങ്ങൾ മലയാളത്തിലുള്ളതാണ്. കൂട്ടത്തിൽ രാമകഥകൾ ആലേഖനം ചെയ്തിരിക്കുന്ന 200 ചിത്രങ്ങളുടെ അത്യപൂർവ്വ ശേഖരവും.

അമ്മയുടെ രാമകഥകൾ കേട്ട്....

അമ്മയിൽ നിന്ന് രാമ കഥകൾ കേട്ടാണ് കണ്ണൂർ മണത്തണ ചിന്താഗ്രഹത്തിൽ സി. പത്മനാഭൻ വളർന്നത്.

പുതിയ ഗ്രന്ഥങ്ങൾ ശേഖരത്തിലേക്ക് വാങ്ങി നൽകുന്നത് മക്കളായ വിജയ് ശങ്കറും ശാലിനിയുമാണ്. 2018ൽ കൈവശമുണ്ടായിരുന്ന 60 പുസ്തകങ്ങളുമായി മട്ടന്നൂരിൽ ആദ്യ പ്രദർശനം നടത്തിയിരുന്നു. പിന്നീട് തൃശൂർ, ഗുരുവായൂർ, പൂങ്കുന്നം എന്നിവിടങ്ങൾ പിന്നിട്ട് തൊടുപുഴയിലെത്തി. ക്ഷണിക്കുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രദർശനം. 148 പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പുരാവസ്തുക്കൾ ശേഖരിക്കുന്ന ശീലവുമുണ്ട് ‌‌ഈ റിട്ട. എക്സൈസ് ഉദ്യോഗസ്ഥന്.

 കുഞ്ഞുരാമായണവും

ഒരു സെന്റീ മീറ്റർ വലിപ്പമുള്ള ലോകത്തെ ഏറ്റവും ചെറിയതെന്ന് അവകാശപ്പെടുന്ന രാമായണകൃതിയും കൈവശമുണ്ട്. സൂക്ഷ്മസംക്ഷിപ്ത ഗ്രന്ഥമെന്ന ഗിന്നസ് റെക്കാഡുളള ഈ കൃതി, രചയിതാവായ തൃശൂർ സ്വദേശി സന്തോഷ് ആറ്റൂർ സമ്മാനിച്ചതാണ്. ഒരിഞ്ചു മാത്രം വലിപ്പമുള്ള തമിഴ് രാമായണം, രണ്ട് ഇഞ്ച് വലിപ്പമുള്ള ഹിന്ദിരാമായണം എന്നിവയുമുണ്ട്.

വീട്ടിൽ ചിന്താഗ്രഹമെന്നപേരിൽ 2,500 പുസ്തകങ്ങളും 6,000 പത്രങ്ങളുമടങ്ങിയ ലൈബ്രറിയുണ്ട്. ഭാര്യ ഓമനയാണ് പരിപാലിക്കുന്നത്.

ശേഖരങ്ങൾ

 ചിത്രത്തിലൂടെ കഥ പറയുന്ന ചിത്രരാമായണം.

 രാമായണകഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന സ്വദേശത്തും വിദേശത്തുമുള്ള സ്റ്റാമ്പുകൾ,​ ചിത്രങ്ങൾ

 ശ്രീരാമൻ നടത്തിയ വനയാത്രയുടെ പാത,​ രാമ വംശാവലി

 വാത്മീകി രാമായണം,​ വയനാടൻ രാമായണം,​ കാസർകോടൻ രാമായണം,​ ഇശൽരാമായണം,​ കുട്ടികളുടെ രാമായണം,​ കണ്ണശരാമായണം,​ ഗായത്രീരാമായണം, ​തുളസീദാസരാമായണം...

''ശരിയായ രാമചരിത്രപ്രചരണമാണ് ലക്ഷ്യം"

-സി. പത്മനാഭൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA