SignIn
Kerala Kaumudi Online
Friday, 07 August 2026 4.17 PM IST

'വിജയ്‌യുടെയല്ല  ഏതവന്റെ  സർക്കാരായാലും   അനുവദിക്കാൻ കഴിയില്ല; മുല്ലപ്പെരിയാറിന്റെ വെള്ളം കൂട്ടുന്നത് മനസിൽ വച്ചാൽമതി'

tamilnadu-cm-vijay
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. കേരള സ‌ർക്കാർ ഇക്കാര്യം അനുവദിക്കേണ്ട കാര്യമില്ല. നിലവിലുള്ള ഡാമിന്റെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് തമിഴ്‌നാടിന് വെള്ളം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'നിലവിലുള്ള സംവിധാനത്തിന്റെ അളവിൽ വെള്ളം കൊടുക്കണം. കൂടുതൽ ഉയർത്തി വെള്ളം തടഞ്ഞാൽ ഇടുക്കി ഡാമിൽ വെള്ളമില്ലാതെയാകും. അവിടെ പ്രതിസന്ധിയാകും. തമിഴ്‌നാട് പ്രമേയം പാസാക്കി അവിടെ വച്ചുകൊണ്ടിരിക്കുകയേയുള്ളൂ. സംസ്ഥാന സർക്കാർ അനുവദിക്കേണ്ട കാര്യമില്ല.

നിലവിലുള്ള ഡാം സുരക്ഷിതമാക്കേണ്ട നടപടി അവർ സ്വീകരിക്കണം. അതിന്റെ ഉയർച്ച കൂട്ടാനും വെള്ളം കൂട്ടുന്നതുമൊക്കെ അവരുടെ മനസിൽ വച്ചാൽ മതി. പുതിയ ഡാം ആകാം. എന്നാൽ ഇപ്പോഴത്തെ ഡാമിന്റെ അളവിലായിരിക്കണമത്. ഇടുക്കി ഡാമിലേയ്ക്കുവരുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ കേരളത്തെയും വൈദ്യുതി ഉത്പാദനത്തെയും ബാധിക്കും.

തമിഴ്നാട്ടിലെ ജനങ്ങൾ നമ്മുടെ സഹോദരങ്ങളാണ്. അവർക്ക് വെള്ളം വേണമെന്ന കാര്യത്തിൽ തർക്കമില്ല. പണ്ടുമുതൽ പാർട്ടിയെടുത്തിരിക്കുന്ന നിലപാടും അതാണ്. ഇത് നമ്മുടെ മണ്ണിലല്ലേ, അവിടെ എന്തുപണിയണമെന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്. തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതിൽ നമ്മൾ എതിരല്ല.

വിജയ്‌യുടെയല്ല ഏതവന്റെ സർക്കാരായാലും നമുക്ക് അനുവദിക്കാൻ കഴിയില്ല. അതിന്റെ കാര്യമില്ല. അവർ പ്രമേയം പാസാക്കിയെന്നുപറഞ്ഞ് കേരളത്തിന്റെ മണ്ണിൽ പണിയാൻ അനുവദിക്കേണ്ട കാര്യമില്ല. അങ്ങനെ വന്നാൽ അത് തടയണം'- എം എം മണി വ്യക്തമാക്കി.

അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ നിന്ന് കൂടുതൽ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിജയ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേയ്ക്ക് ഉയർത്താനുള്ള അനുമതി സുപ്രീം കോടതി തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളം ആശങ്കയറിയിച്ചതോടെ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തുകയായിരുന്നു. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജനനിരപ്പ് ഉയർത്തുന്നതടക്കുമുള്ള നടപടികളിലേയ്ക്ക് ഉടൻ വിജയ് സ‌ർക്കാർ കടക്കുമെന്നാണ് സൂചന.

English Summary

Former Kerala minister M.M. Mani opposed Tamil Nadu’s proposal to raise the Mullaperiyar dam’s water level. He said Kerala should not permit it, citing safety concerns and the potential impact on Idukki Dam’s water storage and power generation. Mani supported supplying water to Tamil Nadu but insisted any changes must ensure Kerala’s interests and dam safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR DAM, VIJAY MULLAPERIYAR, M M MANI MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA