
തിരുവനന്തപുരം: റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽവച്ച് ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് നാലുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രതികളെ പിണറായിയുടെ ബേക്കറി ജംഗ്ഷനിലെ വീടിനു മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കന്റോൺമെന്റ് അസി.കമ്മിഷണർ വി.ജയചന്ദ്രന്റെ മേൽനോട്ടത്തിലും മ്യൂസിയം എസ്.എച്ച്.ഒ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലുമായിരുന്നു തെളിവെടുപ്പ്.
പ്രതികളായ നിധിൻ രാജ്, എം.മനോജ്, ജെ.ജീവൻ, എ.ഷാഹിൻ, ആർ.ശ്രീജിത്ത് എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികൾ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കണമെന്നും കൂട്ടുപ്രതികളെ തിരിച്ചറിയണമെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. ഇ.ഡി ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിയുകയും വേണം. പ്രതികളുടെ പ്രവൃത്തികൾ ഗുരുതര കുറ്റകൃത്യമാണെന്നും സമൂഹത്തിന് എതിരായിരുന്നതാണെന്നും പ്രോസിക്യൂട്ടർ കല്ലംപള്ളി മനു വാദിച്ചു.
പ്രതികൾക്കെതിരായ ഓരോ നടപടിയും പൊതുസമൂഹവും രാജ്യമാകെയും വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതിയെ ധരിപ്പിച്ചു. കൃത്യനിർവഹണം നടത്തുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ പ്രതികൾ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ച് കൊലപ്പെടുത്താനും ജോലി തടസപ്പെടുത്താനും ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. കേസിൽ ഇതുവരെ 46 പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 26 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |