SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.21 PM IST

'ഹിറ്റ് ആൻഡ് റൺ' കേസന്വേഷണത്തിന് സ്ക്വാഡ് വേണം : ഹൈക്കോടതി

hc

കൊച്ചി: ഇടിച്ചിട്ട ശേഷം നിറുത്താതെ പോകുന്ന വാഹനം കണ്ടെത്താൻ ഓരോ ജില്ലയിലും പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം കേസിലെ അന്വേഷണവും നഷ്ടപരിഹാരവും വഴിമുട്ടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി.ഗിരീഷിന്റെ ഉത്തരവ്. സൈബർ പൊലീസിന്റെ സഹായത്തോടെ, ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കണം. സ്‌ക്വാഡുകളുടെ ഫോൺ നമ്പർ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. കടവന്ത്രയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ബൈക്ക് ഇടിച്ചിട്ട കേസ്, നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കാർ ഇടിച്ചു വീഴ്ത്തിയ സംഭവം, തിരുവനന്തപുരം കല്ലമ്പലത്ത് മേസ്തിരിയുടെ മരണത്തിനിടയാക്കിയ അപകടം എന്നിങ്ങനെ മൂന്ന് കേസിലെ വ്യത്യസ്തഹർജികളിലാണ് ഉത്തരവ്. ഈ കേസുകൾ ഹൈക്കോടതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസന്വേഷിക്കണം.

 നഷ്ടപരിഹാര പദ്ധതി പരിഷ്‌കരിക്കണം

ഇത്തരം അപകടങ്ങളിൽ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി ആലോചിക്കണമെന്ന് കോടതി പറഞ്ഞു. നിലവിലെ 'ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്‌കീം 2021' പ്രകാരമുള്ള തുക അപര്യാപ്തമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നൽകണം. പിഴത്തുകയിൽ നിന്നോ ഇൻഷ്വറൻസ് പ്രീമിയത്തിൽ നിന്നോ വിഹിതം കണ്ടെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA