SignIn
Kerala Kaumudi Online
Saturday, 26 September 2026 9.55 PM IST

ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു

p

 ആൻഡ്രൂസ് താഴത്ത് അഡ്മിനി. പദവിയും വിട്ടു

കൊച്ചി: സിറോമലബാർ സഭയുടെ ആഗോള തലവൻ സ്ഥാനം (മേജർ ആർച്ച് ബിഷപ്പ് പദവി)​ കർദ്ദിനാൾ ഡോ. ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. കർദ്ദിനാൾ പദവിയിൽ തുടരും. സഭാ ആസ്ഥാനത്തെ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മേജർ ആർച്ച് ബിഷപ്പിന്റെ ചുമതല വഹിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും ഒഴിഞ്ഞു. മെൽബൺ ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

അതിരൂപതയിലെ സ്ഥല വില്പനയിൽ കോടികളുടെ ക്രമക്കേട് ആരോപിച്ച് സഭയിലെ ഒരു വിഭാഗം ആലഞ്ചേരിക്കെതിരാണ്. തുടർന്ന് അതിരൂപതയുടെ ഭരണച്ചുമതല നേരത്തേ ഒഴിഞ്ഞിരുന്നു. കുർബാനത്തർക്കം രൂക്ഷമായി തുടരുന്നതും ഇരുവരുടെയും സ്ഥാനചലനത്തിന് കാരണമായി.

2019 ജൂലായിലും 2022 നവംബറിലും സ്ഥാനമൊഴിയാൻ അനുമതി തേടി മാർപാപ്പയ്ക്ക് കത്തുകൾ നൽകിയിരുന്നതായി സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആലഞ്ചേരി പറഞ്ഞു. നവംബറിലെ കത്താണ് അംഗീകരിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഒഴിയുന്നത്. മേജർ ആർച്ച് ബിഷപ്പ് എമിരറ്റ്സ് എന്നായിരിക്കും ഇനി അറിയപ്പെടുക.

2011 മേയ് 29 മുതൽ ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പായി പ്രവർത്തിക്കുകയായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ്.

ജനുവരിയിൽ മെത്രാന്മാരുടെ സമ്മേളനമായ സമ്പൂർണ സിനഡിൽ പുതിയ മേജർആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കും. ബുധനാഴ്ച കൊച്ചിയിലെത്തിയ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജിയോപോൾ ദോ ജിറേല്ലി സ്ഥാമൊഴിയാൻ മാർപാപ്പ അനുവദിച്ച കത്ത് കർദ്ദിനാളിന് കൈമാറി.

വിവാദ സ്ഥലവില്പന,​

കുർബാനത്തർക്കം

1. എറണാകുളം അതിരൂപതയുടെ സ്ഥലങ്ങൾ വിറ്റഴിച്ചതിൽ കോടികളുടെ നഷ്ടമുണ്ടായതിൽ കർദ്ദിനാളിനും പങ്കുണ്ടെന്ന് ആരോപണം

2. ഇടനിലക്കാരൻ വഴി നടത്തിയ ഇടപാട് വത്തിക്കാൻ ഉൾപ്പെടെ അന്വേഷിച്ചു. രേഖകളിൽ ഒപ്പിട്ട ആലഞ്ചേരി ഉത്തരവാദിയെന്ന് ഒരുവിഭാഗം

3. സഭാസിനഡ് അംഗീകരിച്ച ഏകീകൃത കുർബാന എറണാകുളം അതിരൂപതയിൽ മാത്രം നടപ്പാക്കാൻ മൂന്ന് വർഷമായിട്ടും കഴിഞ്ഞില്ല

4. ഭൂരിപക്ഷം വൈദികരും വിശ്വാസികളും എതിർത്തതോടെ സഭയുടെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പൂട്ടിയിട്ടു

5. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിനെ ഒരുവിഭാഗം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും വിവാദമായി

സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നത്. സ്വയമെടുത്ത തീരുമാനമാണ്. കുർബാനപ്രശ്നത്തിലുൾപ്പെടെ ഇടപെടലിന്റെ വിജയപരാജയങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെ.""

- കർദ്ദിനാൾ ഡോ. ജോർജ് ആലഞ്ചേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARDINAL ALANCHERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA