പഠനത്തിന് ശേഷം ഒരു തൊഴിൽ കണ്ടെത്തുകയെന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ തിരുവനന്തപുരം സ്വദേശി അനിജ വ്യത്യസ്തയാകുന്നത് പഠനത്തിനുശേഷം തനിക്ക് ഇഷ്ടമുള്ള തൊഴിൽ തന്നെ തിരഞ്ഞെടുത്തു എന്നതിനാലാണ്. കൊമേഴ്സിൽ ബിരുദവും എംബിഎയും പൂർത്തിയാക്കിയ ശേഷം മർച്ചന്റ് നേവി ഓഫീസിൽ ജോലി ചെയ്യുകയാണ് അനിജ. ജോലിക്കൊപ്പം തന്നെ സ്വയം തിരഞ്ഞെടുത്ത വഴിയിൽ കുറഞ്ഞ കാലയളവനുള്ളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അനിജയ്ക്ക് കഴിഞ്ഞു. 'ബി എസ് ബിരിയാണി' എന്ന ബ്രാൻഡ് ഇതിനകം ജനപ്രിയമായതിന്റെ വിശേഷങ്ങൾ അനിജ കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
35 കാരിയായ അനിജയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനോടും അത് മനസറിഞ്ഞ് വിളമ്പുന്നതിനോടുമുള്ള ഇഷ്ടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പത്താം ക്ലാസ് മുതൽ നന്നായി ഭക്ഷണം പാകം ചെയ്യുമായിരുന്നു. അന്നുമുതൽ തന്നെ മറ്റൊരാൾക്ക് ഭക്ഷണം നൽകാനും അവർ സന്തോഷത്തോടെ കഴിക്കുന്നത് കാണാനും അഭിപ്രായം കേൾക്കാനും അനിജയ്ക്ക് വളരെ ഇഷ്ടമായിരുന്നു.
സ്വന്തമായി ഒരു കഫേ തുടങ്ങണം എന്നുള്ള ആഗ്രഹത്തിനും അത്ര തന്നെ പഴക്കമുണ്ട്. മർച്ചന്റ് നേവിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന സമയത്താണ് ഒരു എക്സ്ട്രാ ഇൻകം എന്ന നിലയിൽ 'ബി എസ് ബിരിയാണി' ആരംഭിക്കുന്നത്. തന്റെ പേരിന്റെ ഇൻഷ്യൽ ആണ് സ്വന്തം ബ്രാൻഡിന് അനിജ നൽകിയത്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യ അക്ഷരം തന്നെ തന്റെ സ്വപ്നത്തിന് അവർ നൽകി.
സാധാരണ ബിരിയാണിയിൽ നിന്നും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന ചിന്തയോടെയാണ് അനിജ തന്റെ യാത്ര ആരംഭിച്ചത്. എന്നാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല. നല്ല ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കെത്താൻ നടത്തിയ പരീക്ഷണങ്ങളിൽ പലതും പരാജയപ്പെട്ടു. ചിലത് വിചാരിച്ചതിലും അതിവേഗം ക്ലിക്കായി. അങ്ങനെയാണ് 'വാഴയിലയിൽ ദം ചെയ്യുന്ന ബിരിയാണി' എന്ന ഐഡിയയിലേക്ക് എത്തുന്നത്. വീട്ടിൽവച്ച് ബിരിയാണി പാകം ചെയ്തതിനുശേഷം കച്ചവടം ചെയ്യുന്നത് തിരുവനന്തപുരം ജില്ലാ കോടതിക്ക് (വഞ്ചിയൂർ) മുന്നിലാണ്.
സ്ഥിരം ബിരിയാണി വന്നുവാങ്ങിക്കുന്ന ഒരുപാട് നല്ല കസ്റ്റമേഴ്‌സിനെ കിട്ടി എന്നതാണ് അനിജ തന്റെ ആദ്യവിജയമായി കണക്കാക്കുന്നത്. പുതിയ സംരഭമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നല്ല പിന്തുണ കസ്റ്റമേഴ്സിൽ നിന്നുകിട്ടി. ഭക്ഷണം വാങ്ങിക്കഴിച്ചർ തന്നെ എന്തൊക്കെ കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ കൂടുതൽ നന്നാക്കാമെന്ന അഭിപ്രായവും പറഞ്ഞു. വാഴയിലയിൽ ദം ചെയ്ത ബിരിയാണി എന്ന ഫൈനൽ പ്രോഡക്ടിലേക്ക് എത്താൻ സഹായിച്ചതും അവരുടെ പിന്തുണയാണെന്ന് അനിജ പറയുന്നു.
അനിജയുടെ 140 രൂപയുള്ള സ്പെഷ്യൽ ബിരിയാണിയുടെ ഹൈലൈറ്റ് വാഴയിലയാണ്. പാകത്തിന് വേവിച്ച ബിരിയാണി ചോറും പ്രത്യേകം തയ്യാറാക്കിയ ചിക്കൻ മസാലയും നെയ്യിൽ വറുത്തെടുത്ത സവാളയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമെല്ലാം വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് ദം ചെയ്തെടുക്കും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇവയിൽ ഒന്നിന്റെയും ഫ്ലേവർ പുറത്തുപോകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിക്കാനായി വാഴയില തുറക്കുമ്പോൾ പുറത്തുവരുന്ന വാസനയെ കുറിച്ചും രുചിയെ കുറിച്ചുമുള്ള നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷത്തിനൊപ്പം ഉത്തരവാദിത്തവും വർദ്ധിക്കുന്നുവെന്നാണ് അനിജ പറയുന്നത്.
ആസ്വദിച്ചാണ് ഈ ജോലി ചെയുന്നത്. താൻ ഉണ്ടാക്കുന്ന ബിരിയാണി ആസ്വദിച്ച് കഴിക്കുന്നവരുടെ അഭിപ്രായങ്ങളാണ് മുന്നോട്ടു പോകാനുള്ള ഊർജം. 'വാഴയില ബിരിയാണിക്ക്' ഒപ്പം വൈവിദ്ധ്യമുള്ള ബിരിയാണികൾ സ്വന്തം ബ്രാൻഡിനുകീഴിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് അനിജ.
കഷ്ടപ്പെട്ട് ഒരു ജോലി ചെയ്യുന്നതിനേക്കാൾ ഇഷ്ടപ്പെടുന്ന ഒരിടം കണ്ടെത്തുന്നതാണ് നല്ലത് പക്ഷേ അതൊരിക്കലും എളുപ്പമായിരിക്കില്ല. പരിമിതികൾ ഒരുപാടുണ്ടാകും. സാമ്പത്തികം മുതൽ അതിനുവേണ്ട സാഹചര്യം വരെ ചിന്തിക്കേണ്ടതായി വരും. ഏറ്റവും ചെറുതിൽ നിന്ന് തുടങ്ങുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ രീതിയിൽ തുടങ്ങുമ്പോൾ അഥവാ ഒരു വീഴ്ച ഉണ്ടായാലും അത് നമുക്ക് താങ്ങാനാവുന്ന വിധത്തിലായിരിക്കും - അനിജ പറയുന്നു.
ബിരിയാണി വില്പന ആരംഭിച്ചത് വഞ്ചിയൂരാണ്. ഇപ്പോൾ പല സ്ഥലങ്ങളിൽ നിന്നും നിരവധിപേർ ബിരിയാണി ലഭിക്കുമോയെന്നറിയാൻ വിളിക്കാറുണ്ട്. രണ്ടാം ഘട്ടം എന്ന നിലയിൽ 4-5 സ്ഥലങ്ങളിൽ കൂടി ബിരിയാണി എത്തിക്കുകയെന്നതാണ് ലക്ഷ്യം. മറ്റ് സ്ഥലങ്ങളിൽ ബിരിയാണി വിൽക്കാനും പണം വാങ്ങുന്നതിനുമായി കുറച്ചുപേരെ കണ്ടെത്തണം. ശാരീരിക പരിമിതികൾ നേരിടുന്നവരോ തൊഴിലില്ലാത്തവരോ ആയിട്ടുള്ളവരെയാണ് ആ ചുമതല ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവർക്കും കഴിയുന്ന രീതിയിൽ ഒരു കൈത്താങ്ങാകണം എന്നതാണ് പ്രധാന ലക്ഷ്യമെന്നും അനിജ പറഞ്ഞു. ബി എസ് ബിരിയാണി വിശ്വസിച്ച് വാങ്ങിക്കുന്നവരുടെ എണ്ണം കൂടി തുടങ്ങിയിട്ടുണ്ട്. ഇനി അടുത്ത ഘട്ടത്തിലേക്ക് അനിജ നിക്ഷേപകരെയും തേടുന്നുണ്ട്.
വിരലിലെണ്ണാവുന്ന ബിരിയാണി പൊതികൾ വിറ്റാണ് ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇപ്പോൾ ബിസിനസ് ലാഭത്തിലാണെന്നും അതിൽ സന്തോഷമുണ്ടെന്നും അനിജ പറയുന്നു. സ്വപ്നങ്ങൾ വഴിയിൽ ഉപേക്ഷിക്കാതെ പിന്തുടരുകയാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വിജയത്തിലേക്ക് ഉറപ്പായും എത്തിച്ചേരുമെന്ന ശുഭാപ്തിവിശ്വാസവും അനിജ പങ്കുവയ്ക്കുന്നു.
Thiruvananthapuram's Anija, an MBA and Merchant Navy professional, successfully established 'BS Biryani'. Her brand, popular for its unique banana leaf dum biryani sold near the district court, is expanding. Anija plans to open more outlets, provide employment to physically challenged individuals, and is currently seeking investors to support her growing venture.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |