കാലത്തിനനുസരിച്ച് ആഭരണങ്ങളുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കും. എന്നാൽ, ഓരോ ആഭരണത്തിലും ഒരു നാടിന്റെ സംസ്‌കാരത്തെയും കലാരൂപങ്ങളെയും ജീവിതത്തെയുമെല്ലാം കോർത്തിണക്കുകയാണ് ഒരു കലാകാരൻ. കോട്ടയം സ്വദേശിയായ ആരീഷിന് കലയെന്നാൽ സമാധാനവും സന്തോഷവുമാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങളിലൂടെയാണ് ആരീഷ് ശ്രദ്ധിക്കപ്പെടുന്നത്. ഓരോ ആഭരണത്തിനു പിന്നിലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള പഠനങ്ങളും ചിന്തകളുമുണ്ടാകും.
ഒരു കാലത്ത് കേരളക്കരയുടെ ബാല്യകാലം സമ്പന്നമാക്കിയ മഞ്ചാടിക്കുരുവും കുന്നിക്കുരുവുമെല്ലാം ആരീഷിന്റെ കൈകളിലെത്തുമ്പോൾ ഭംഗിയുള്ള ആഭരണങ്ങളായി മാറുന്നു. കണ്ണകിയും, കുഞ്ഞാത്തോലുമെല്ലാം ആ സൃഷ്‌ടികളുടെ മാറ്റ് കൂട്ടുന്നു. ട്രഡീഷണലും ആധുനികവുമായ വസ്‌ത്രങ്ങൾക്ക് ഒരുപോലെ ഇണങ്ങുന്നതാണ് ആരീഷ് തയ്യാറാക്കുന്ന ആഭരണങ്ങൾ.
ഇൻസ്റ്റഗ്രാമിൽ 'ഹാൻഡ് ക്രാഫ്‌റ്റഡ് ബൈ മനുഷ്യൻ' എന്ന പേജിലൂടെയാണ് ആരീഷ് തന്റെ സൃഷ്‌ടികൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത്. ഇന്ന് ധാരാളം ആവശ്യക്കാർ അവ തേടിയെത്തുന്നുണ്ട്. എന്നാൽ ഇത്തരത്തിലൊരു സ്വീകാര്യത തന്റെ സൃഷ്‌ടികൾക്ക് ലഭിക്കുമെന്ന യാതൊരു കണക്കൂകൂട്ടലും ഇല്ലാതെയാണ് ആരീഷ് തന്റെ കലാജീവിതം ആരംഭിച്ചതെന്നതാണ് വാസ്‌തവം.
അക്കാദമിക പഠനങ്ങൾക്ക് മുൻഗണന നൽകിയിരുന്ന കുടുംബത്തിലാണ് ആരീഷ് വളർന്നത്. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊപ്പം സഞ്ചരിച്ച് ആയുർവേദ മെഡിസിൻ പഠിക്കാൻ തീരുമാനിച്ചു. 2019ൽ പഠനം പൂർത്തിയാക്കിയെങ്കിലും തന്റെ മനസ് കലയോടൊപ്പമാണന്ന കാര്യത്തിൽ ആരീഷിന് വ്യക്തതയുണ്ടായിരുന്നു. അവിചാരിതമായെങ്കിലും ആ വഴിയിലേക്കുതന്നെ അദ്ദേഹം വന്നെത്തുകയും ചെയ്‌തു.
ആയുർവേദ ഡോക്‌ടറായ ആരീഷ്, ശാരീരിക പരിമിതിയുള്ള ഒരു കുട്ടിക്ക് കൈകളുടെയും മറ്റും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ചെറിയ രീതിയിലുള്ള പരിശീലനങ്ങൾ നൽകുമായിരുന്നു. അതിനായി അല്‌പം കളിമണ്ണ് വീട്ടിൽ സൂക്ഷിക്കുന്നതും പതിവായിരുന്നു. കൊറോണക്കാലമായതോടെ വീട്ടിൽ ഒറ്റപ്പെട്ടിരിക്കാൻ തുടങ്ങിയതോടെയാണ് ആ കളിമണ്ണുപയോഗിച്ച് ആഭരണങ്ങളുണ്ടാക്കിയാലോയെന്ന ആശയം മനസിലുദിച്ചത്. അതിന് പ്രചോദനമായതാകട്ടെ കോളേജ് അദ്ധ്യാപികയായ മൂത്ത സഹോദരിയും. സഹോദരി നൽകിയ ആശയമനുസരിച്ച് ആരിഷ് തയ്യാറാക്കിയ മാല കണ്ടിഷ്‌ടപ്പെട്ടവർ കൂടുതൽ ഓർഡറുകൾ നൽകി. അങ്ങനെ അവർക്കും നിർദേശിച്ചപ്രകാരം ആഭരണങ്ങൾ നിർമ്മിച്ചുനൽകി.
പതിയെ ഇൻസ്റ്റഗ്രാമിൽ ഹാൻഡ് ക്രാഫ്‌റ്റഡ് മനുഷ്യൻ എന്ന അക്കൗണ്ടും തുടങ്ങി. കുന്നിക്കുരുവും മഞ്ചാടിക്കുരുവും തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങൾവരെ ആരീഷിന്റെ കലയുടെ ഭാഗമായി.ഇന്ന് സെലിബ്രിറ്റികളുൾപ്പെടെ നിരവധിപേർ ആരീഷിന്റെ കസ്റ്റമേഴ്‌സാണ്. ആവശ്യക്കാരുടെ ആശയങ്ങൾക്കനുസരിച്ചും ആരിഷ് തന്റെ സൃഷ്‌ടികൾക്ക് രൂപം നൽകാറുണ്ട്.
ആയുർവേദ മെഡിസിൻ പഠിക്കുന്ന കാലത്ത് ആരീഷിന്റെ ഇഷ്‌ടവിഷയം ഹെർബൽ സയൻസായിരുന്നു. മരങ്ങൾക്കും ചെടികൾക്കും ഇടയിലൂടെയുള്ള പഠനം പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് എത്രത്തോളം പ്രിയപ്പെട്ടതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഹെർബൽ സയൻസ് പിരീഡിൽ ഫീൽഡ് വിസിറ്റിംഗു കഴിഞ്ഞു തിരികെയെത്തുന്ന ആരീഷിന്റെ വൈറ്റ് കോട്ടിന്റെ പോക്കറ്റിൽ ഒരു പിടി മഞ്ചാടിക്കുരുവും കാണും. അങ്ങനെ അഞ്ച് വർഷം കൊണ്ട് സ്വരുക്കൂട്ടിയ മഞ്ചാടിക്കുരുവിന്റെ കെട്ടുമായാണ് പഠനം പൂർത്തിയാക്കിയശേഷം ആരീഷ് ഹോസ്റ്റൽ മുറിവിട്ടിറങ്ങിയത്. ഒരു കൗതുകത്തിന് സ്വരുക്കൂട്ടിയ മഞ്ചാടിക്കുരുക്കളാണെങ്കിലും പിൽക്കാലത്ത് അവയും ആരീഷിന് ഉപയോഗപ്രദമായി മാറിയെന്നത് മറ്റൊരു ആകസ്‌മികതയാണ്.
മഞ്ചാടിക്കുരുവും കുന്നിക്കുരുവും മുതൽ കേരളത്തിന്റെ തനത് കലാരൂപങ്ങൾവരെ ആരീഷിന്റെ സൃഷ്‌ടികളുടെ ഭാഗമാണ്. തെയ്യം, കഥകളി, കുമ്മാട്ടി തുടങ്ങിയ കലാരൂപങ്ങളെ ആഭരണങ്ങളിലേക്ക് പകർത്തുമ്പോൾ അവയുടെ പുറംരൂപം ആവിഷ്‌കരിക്കുക മാത്രമല്ല ഈ കലാകാരന്റെ ലക്ഷ്യം. ഓരോ കലാരൂപത്തിന്റെയും ചരിത്രവും സവിശേഷതകളും സൂക്ഷ്‌മഭാവങ്ങളും ആഴത്തിൽ പഠിച്ചശേഷമാണ് ആരീഷ് തന്റെ സൃഷ്‌ടികൾക്ക് രൂപം നൽകുന്നത്. ഓരോ വിഷയത്തോടും പുലർത്തുന്ന ഈ സൂക്ഷ്മമായ സമീപനമാണ് ആരീഷിന്റെ സൃഷ്‌ടികളെ വ്യത്യസ്‌തമാക്കുന്നത്.
തന്റെ സൃഷ്‌ടികൾ കാണുന്നവർ അതിന്റെ ഭംഗിയിൽ മാത്രം ആകൃഷ്‌ടരാകണമെന്നല്ല ആരീഷിന്റെ ആഗ്രഹം. മറിച്ച്, ആ ആഭരണത്തിൽ പ്രതിനിധീകരിക്കുന്ന കലാരൂപത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അറിയാനുള്ള കൗതും അവരിലുണ്ടാകണം.
ഞാൻ നിർമ്മിക്കുന്ന ആഭരണങ്ങൾ കാണുന്ന ആളുകൾ ഇതെവിടെനിന്നാണ് വാങ്ങിയതെന്ന് ചോദിക്കുന്നതിനെക്കാൾ എനിക്കിഷ്‌ടം ആ ആഭരണത്തിൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണെന്ന് ചോദിക്കുന്നതാണ്. ഒരു കലാകാരനെന്ന നിലയിൽ അതാണെന്റെ സന്തോഷം- ആരീഷ് പറയുന്നു.
Kottayam-based artist Arish creates unique handcrafted jewellery inspired by Kerala’s culture, traditional art forms and nature, with each piece telling a story.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |