SignIn
Kerala Kaumudi Online
Friday, 25 September 2026 2.55 AM IST

അനന്തപുരി ആറ്റുകാൽ ദേവീമുറ്റമായി, പൊങ്കാലയുടെ പുണ്യത്തിൽ ഭക്തലക്ഷങ്ങൾ

photo

തിരുവനന്തപുരം: അനന്തപുരിയാകെ അമ്പലമുറ്റംപോലെ പ്രാർത്ഥനാഭരിതമായി. വരദായിനിയായ ആറ്റുകാലമ്മ എങ്ങും നിറഞ്ഞുനിന്നു. വെയിൽ തിളച്ചുതുടങ്ങവേ പൊങ്കാല അടുപ്പുകളിൽ അഗ്നി ജ്വലിച്ചു. അപ്പോൾ സമയം 10.40 കഴിഞ്ഞിരുന്നു.

ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നു 10 കിലോമീറ്റർ ചുറ്റളവിൽ വരെ ഇന്നലെ പൊങ്കാല അടുപ്പുകൾ നിരന്നു. തലേദിവസം തന്നെ നിരത്തുകളിൽ അടുപ്പൊരുക്കി ദേവിയെ ധ്യാനിച്ചു കാത്തിരുന്നത് ആയിരങ്ങളാണ്. കുംഭത്തിലെ പൂരം നാളിലെ പൊങ്കാലദിനത്തിൽ പുലർച്ചെ നട തുറക്കുംമുൻപേ ദർശനത്തിനായി ആയിരങ്ങൾ നിരന്നിരുന്നു.

ക്ഷേത്രത്തിനു മുന്നിലെ തോറ്റംപാട്ടു പുരയിൽ കണ്ണകീ ചരിതത്തിൽ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിയതോടെ കാത്തിരിപ്പിന്റെ നിമിഷങ്ങൾക്കു വിരാമം. തന്റെ ഭർത്താവായ കോവലനെ ചെയ്യാത്ത മോഷണക്കുറ്റം ചുമത്തി വധിച്ച പാണ്ഡ്യരാജാവിനെ നിഗ്രഹിക്കാൻ അഗ്നിയായി ജ്വലിച്ച ദേവിയുടെ വിജയാഘോഷമായി ഭക്തരുടെ പൊങ്കാല.

10.30ന് ആറ്റുകാൽ ദേവിക്കു മുന്നിലെ വിളക്കിൽ നിന്നു ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിക്ക് കൈമാറി. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിലാണ് ആദ്യം ആ തീ പകർന്നത്. 10.42ന് സഹമേൽശാന്തി നാരായണൻ നമ്പൂതിരി ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ വെടിക്കെട്ടുയർന്നു. വായ്ക്കുരവകളുടെ അകമ്പടിയോടെ അടുപ്പുകളിലേക്കുള്ള അഗ്നി പ്രയാണത്തിനു തുടക്കം. സർവമംഗളകാരിണിയായ ദേവിയെ സ്തുതിച്ച് ഭക്തർ അടുപ്പുകളിൽ അഗ്നി പകർന്നു. കഠിനവ്രതംനോറ്റെത്തിയ സ്ത്രീലക്ഷങ്ങൾ ആ പുണ്യമുഹൂർത്തത്തിലേക്കു സ്വയം സമർപ്പിതരായി. 11.16ന് പണ്ടാര അടുപ്പ് തിളച്ചു തൂകി. 12ന് മുൻപ് പൊങ്കാല തയ്യാർ. പിന്നെ തെരളി, മണ്ടപ്പുറ്റ്.... എല്ലാം തയ്യാർ. തുടർന്ന് എല്ലായിടത്തും അന്നദാനം.

രണ്ടരയ്ക്കു നൈവേദ്യം. ഭക്തസാഗരത്തിലേക്ക് തീർത്ഥവുമായി 300 പൂജാരിമാർ എത്തി. തീർത്ഥ കണങ്ങൾ നൈവേദ്യത്തിലേക്ക് പകർന്നതോടെ സഫലമായ മനസ്സുമായി ഭക്തർ വീടുകളിലേക്കു മടങ്ങി.
നിവേദ്യസമയത്ത് പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു. ആറ്റുകാൽ പരിസരത്തു മാത്രം കേന്ദ്രീകരിക്കാതെ പല പ്രദേശങ്ങളായി കേന്ദ്രീകരിച്ചാണ് ഭക്തർ പൊങ്കാല അർപ്പിച്ചത്. മണ്ണന്തലയും കഴി‌ഞ്ഞ് പെരിയാങ്കോട് വരെ പൊങ്കാലക്കലങ്ങൾ നിരന്നു. ധാരാളം പേർ സ്വന്തം വീടുകളിലും പൊങ്കാലയിട്ടു.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരും വിദേശികളും പൊങ്കാലയുടെ പുണ്യം നുകരാനെത്തിയിരുന്നു. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി. പ്രത്യേക ട്രെയിൻ സർവീസുകളും ഉണ്ടായിരുന്നു. രാവിലെ മുതൽ ബാലികമാർ താലപ്പൊലിയേന്തി ക്ഷേത്രത്തിലെത്തി. രാത്രി 7.30ന് കുത്തിയോട്ടം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTUKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA