SignIn
Kerala Kaumudi Online
Saturday, 06 June 2026 2.29 AM IST

പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് കിട്ടും: ബിനോയ് വിശ്വം

binoy-voiswam-

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് ആദ്യമായി ആവശ്യം ഉന്നയിച്ചത് സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ചയിലാണെന്നും ആരോപിക്കപ്പെടുന്നതുപോലെ മാദ്ധ്യമങ്ങൾക്ക് മുന്നിലല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയം പരസ്പരം ചർച്ച ചെയ്യാമെന്നും എൽ.ഡി.എഫിൽ ഉന്നയിക്കേണ്ടെന്നുമായിരുന്നു സി.പി.എമ്മിന്റെ അന്നത്തെ പ്രതികരണം. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സി.പി.എമ്മും- സി.പി.ഐയും അടിച്ചു പിരിയുമോ ?

ഇല്ല. പിരിയാൻ രണ്ടുകൂട്ടർക്കുമാകില്ല.

 ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറല്ലല്ലോ?

തത്കാലമില്ല. പക്ഷേ വേണ്ടിവരും.

 സി.പി.എം കടുത്ത നിലപാ‌ടിലാണല്ലോ? കിട്ടിയില്ലെങ്കിൽ എന്താണ് ഓപ്ഷൻ?

ഒരുപാട് ഓപ്ഷനുണ്ട്. തീർച്ചയായും കിട്ടും.

 ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ സി.പി.എം തന്നെയല്ലേ ഈ പദവി കൈവശം വച്ചിട്ടുള്ളത്. ഇപ്പോൾ എന്തിനാണ് അവകാശവാദം ഉന്നയിച്ചത്?

ചരിത്രം ഒരിക്കലും ഒരു പോയിന്റിൽ തറച്ചുനിൽക്കില്ല.രാഷ്ട്രീയ ഒരുമയ്ക്കുവേണ്ടി തീരുമാനം എടുക്കേണ്ടിവന്നാൽ എടുക്കണം. അവിടെ കീഴ്‌വഴക്കം പറയാൻ പാടില്ല. കീഴ്‌വഴക്കവും നിലപാടും മാറേണ്ടിവന്നാൽ മാറുകതന്നെ വേണം.

 പ്രതിപക്ഷ ഉപനേതാവ് അത്ര വലിയ പദവിയാണോ?

അതോ പിടിവാശിയാണോ?

പിടിവാശിയില്ല. പദവിയുടെ വലിപ്പം സി.പി.ഐയെ ആകർഷിച്ചിട്ടില്ല. മുഖ്യമന്ത്രി പദവി പുല്ലുപോലെ വലിച്ചെറിഞ്ഞ പാർട്ടിയാണ്.

 സി.പി.എം വല്യേട്ടൻ റോളിലാണോ?

വല്യേട്ടൻ എന്ന് ആരുപറഞ്ഞു. വല്യേട്ടനും ചെറിയേട്ടനും മുന്നണിയിലില്ല. അത് പത്രഭാഷയാണ്.

 തിരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ചില്ലേ?

അതിൽ ദുഃഖവും അമ്പരപ്പും ഉണ്ട്. ഇപ്പോൾ അമ്പരപ്പ് മാറി ദുഃഖം മാത്രമായി.

 അമ്പരപ്പും ദുഃഖവുമല്ലാതെ ഉത്തരവാദിത്വം ഇല്ലേ?

ഉത്തരവാദിത്വം ഉണ്ട്. ആ ഉത്തരവാദിത്വം പാഠങ്ങൾ പഠിക്കലാണ്. തെറ്റ് തിരുത്തലാണ്. സി.പി.ഐക്കും സി.പി.എമ്മിനും അതിന് കഴിയും.

 സി.പി.എം തെറ്റുതിരുത്തുമോ?

തിരുത്താതെ, പാഠം പഠിക്കാതെ മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാത്തിരിക്കുന്നത് തകർച്ചയായിരിക്കും. അങ്ങനെ സി.പി.എം തകരാൻ പാടില്ല.

 സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളിൽ പോലും കടപുഴകിയില്ലേ?

പഠിക്കുമെന്ന് പറയുന്ന പാഠങ്ങൾ ഇതാണ്. ആത്മാവിന്റെ ഭാഗമായി നിന്ന ജനങ്ങൾ കൈവിട്ടിട്ടുണ്ട്. ഇത് രണ്ട് പാർട്ടികൾക്കും ബാധകമാണ്. എന്തുകൊണ്ട് ഞങ്ങളെ കൈവിട്ടു. ഇടതുപക്ഷത്തിന്റെ ഒപ്പംനിന്ന ന്യൂനപക്ഷം കൈവിട്ടു.

 ആശാവർക്കർമാരുടെ സമരത്തെ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പറഞ്ഞു. ഇത് ഭരണത്തിലിരിക്കുമ്പോൾ പറയാത്തതെന്ത്?

എൽ.ഡി.എഫിൽ ഞങ്ങൾ പറഞ്ഞിട്ടുണ്ട്.

മുമ്പൊക്കെ തിരുത്തൽ ശക്തിയായിരുന്നു സി.പി.ഐ പക്ഷേ, ഇക്കുറി

സി.പി.എമ്മിനും മുഖ്യമന്ത്രിക്കും മുന്നിൽ ഓച്ചാനിച്ചുനിൽക്കുകയായിരുന്നില്ലേ ?

ഒരിക്കലുമല്ല. പി.എം. ശ്രീയിൽ നിലപാട് തിരുത്തിച്ചില്ലേ. എലപ്പുള്ളിയിൽ ബ്രുവറി വന്നോ? എം.ആർ. അജിത് കുമാർ ആ കസേരയിൽ ഇപ്പോൾ ഉണ്ടോ? അതോ മന്ത്രം ജപിച്ചു മാറിയതാണോ?അങ്ങനെ പറയാൻ ഒരുപാടുണ്ട്.

(അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BINOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA