SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.32 AM IST

കൊച്ചി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

READ ENGLISH VERSION
airport

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പൂനെയിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിംഗാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വെടിയുണ്ട പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാൽ കോടിയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്ദീനെയാണ് അറസ്റ്റ് ചെയ്തത്.

ജീൻസിനകത്ത് അറയുണ്ടാക്കിയാണ് 2333ഗ്രാം 24 കാരറ്റ് തങ്കക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ആഭ്യന്തര വിപണിയിൽ 1,74,63,340രൂപ വിലവരും. ഗ്രീൻചാനൽവഴി പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഇയാളെ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

ഈ മാസം 19ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 6.3 കോടി രൂപ വിലവരുന്ന സ്വർണവും 1,​07000 കാർട്ടൺ സിഗരറ്റും പിടികൂടിയിരുന്നു. 12.85 ലക്ഷം രൂപ വിലവരുന്നതാണ് സിഗരറ്റുകൾ. 12 യാത്രക്കാരിൽ നിന്നായിട്ടാണ് ഇത്രയും സ്വർണവും സിഗരറ്റും പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചത്.

അടുത്തിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കരിപ്പൂരിൽ നടത്തുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയാണ് 682 ഗ്രാം സ്വർണം ഒളിച്ച് കടത്തുന്നതിനിടെ ആദ്യം പിടിയിലായത്. 48ലക്ഷം രൂപ വിലവരുന്നതാണ് ഈ സ്വർണം. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി 79 ലക്ഷം രൂപ വിലവരുന്ന 1122 ഗ്രാം സ്വർണ്ണവും, ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി 80.80 ലക്ഷം രൂപയുടെ 1124ഗ്രാം സ്വർണവുമായി പിടിയിലായി. മൂന്ന് പേരും ശരീരത്തിൽ ഒളിച്ച് വെച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്.

റാസൽഖൈമയിൽ നിന്ന് വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നായി 91 ലക്ഷം രൂപ വിലവരുന്ന 1274 ഗ്രാം സ്വർണവും 78 ലക്ഷം രൂപ വിലവരുന്ന 1094 ഗ്രാം സ്വർണവും കണ്ടെടുത്തു. ശരീരത്തിൽ ഒളിച്ച് വെച്ചും ഷൂവിന്റെ സോളിനകത്ത് ഒളിച്ച്വച്ചുമാണ് ഇരുവരും സ്വർണം കൊണ്ട് വന്നത്. കോഴിക്കോട് കുന്നുമക്കര സ്വദേശികളായ രണ്ട് പേർ 71 ലക്ഷം രൂപയുടെ 999 ഗ്രാം സ്വർണവും 92 ലക്ഷം രൂപയുടെ 1294 ഗ്രാം സ്വർണവും ഒളിച്ച് കടത്തുന്നതിനിടെ പിടിയിലായി. മസ്‌കറ്റിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ മൂന്ന് യാത്രക്കാരാണ് സിഗരറ്റ് കടത്തുന്നതിനിടെ വിമാനത്താവളത്തിൽ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, AIRPORT, GUN SHOT, BULLET, FOUND, PASSENGERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA