SignIn
Kerala Kaumudi Online
Monday, 22 June 2026 1.55 PM IST

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: മുഹമ്മദ് ഹനീഷ് ഹാജരായി,​ വൈകിയതിൽ നിരുപാധികം മാപ്പപേക്ഷ

READ ENGLISH VERSION
high-court

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരായി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂഷന് അനുമതി നൽകാൻ വൈകിയതുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഹനീഷിനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. നേരിട്ട് ഹാജരാകാൻ വൈകിയതിൽ അദ്ദേഹം നിരുപാധികം മാപ്പ് പറയുകയും ചെയ്തു. ഉത്തരവുകൾ മനസിലാകുന്നതിൽ പരാജയപ്പെട്ടെന്നാണ് ഹൈക്കോടതിയിൽ അദ്ദേഹം നൽകിയ വിശദീകരണം. ഹ‌ർജി പരിഗണിച്ച ഘട്ടത്തിൽ ജസ്റ്റിസ് ബദറുദീൻ, കോടതി ഉത്തരവുകൾ ഒന്നും നിങ്ങൾക്ക് മനസിലാകുന്നില്ലേ എന്ന് ഹനീഷിനോട് ചോദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. നിങ്ങളുടെ തന്ത്രങ്ങളൊന്നും ഇനി വേണ്ടെന്നും നേരിട്ട് ഹാജരായില്ലെങ്കിൽ വാറണ്ട് ഇറക്കുമെന്നാണ് കോടതി അറിയിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് രാവിലെ 10.10ന് ഹനീഷ് കോടതിയിൽ ഹാജരായത്. താൻ ഈ സ്ഥാനം ഒഴിഞ്ഞെന്നും കോടതിയലക്ഷ്യ നടപടിയിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. അടുത്ത മാസം രണ്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അന്നായിരിക്കും ഹനീഷ് നൽകിയ മാപ്പപേക്ഷയുടെ സത്യവാങ്മൂലത്തിലെ അന്തിമ തീരുമാനം.

പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൂന്ന് തവണ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതിൽ തെളിവില്ലെന്നും പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്നുമാണ് അറിയിച്ചിരുന്നത്. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ എ രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASHEW IMPORT CORRUPTION CASE, MUHAMMED HANEEH, HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA