SignIn
Kerala Kaumudi Online
Sunday, 12 July 2026 1.28 AM IST

' ബഹിരാകാശത്തുനിന്ന് നോക്കും നമ്മുടെ കായൽത്തീരങ്ങളെ...' അനിൽ മേനോന്റെ  മനസിൽ  കേരളം

a

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയിലേക്കു നോക്കുമ്പോൾ കേണൽ അനിൽ മേനോന്റെ മനസിൽ എന്തായിരിക്കും ചിന്ത?

'സ്‌പേസ് സ്‌റ്റേഷനിൽ നിന്നു ഇന്ത്യയെ നോക്കണം. പ്രത്യേകിച്ചും കേരളത്തെ. അവിടുത്തെ തീരങ്ങളും കായലുകളും നിറഞ്ഞ പച്ചപ്പും." തിരികെ വരുമ്പോൾ കണ്ടതെല്ലാം ഉറ്റവരാേടും സുഹൃത്തുക്കളോടും പങ്കുവയ്‌ക്കണം.' അദ്ദേഹം ' കേരളകൗമുദി' യോടു പറഞ്ഞു.

ജൂലായ് 14ന് ബഹിരാകാശത്തേക്ക് കുതിക്കാൻ ധൃതിയായി. അതിന്റെ ആശ്ചര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. ' കഠിനമായ പരിശീലനം എല്ലാത്തിനും പാകമാക്കി, എല്ലാവർക്കും പ്രത്യേക നന്ദി. ' ബഹിരാകാശത്തേക്ക് ആദ്യമായി പോകുന്ന മലയാളിയായ അനിൽ മേനോൻ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ പേരക്കുട്ടിയുടെ മകനാണ്.

''ഈ യാത്ര എനിക്കു വ്യക്‌തിപരമായി വലിയ ആഹ്ളാദം പകരുന്നതാണ്. ഇന്ത്യയിൽ നിന്നാണ് എന്റെ അച്ഛൻ ശങ്കരൻ മേനോൻ അമേരിക്കയിലേക്കു വന്നത്. ആ മഹത്തായ പാരമ്പര്യം എന്നെ ഓരോ ചുവടിലും മുന്നോട്ടു നയിക്കുന്നു. ഭ്രമണപഥത്തിലേക്കു പോകുമ്പോൾ മുഴുവൻ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് എല്ലാ മലയാളികളുടെയും സ്‌നേഹവും പിന്തുണയും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം.എന്റെ ബന്ധുക്കൾ കേരളത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. എന്റെ ഒരു അങ്കിൾ ഇപ്പോൾ ഡൽഹിയിൽ ജെ.എൻ.യുവിൽ പഠിപ്പിക്കുന്നുണ്ട്.

അച്ഛൻ യാത്ര തുടങ്ങിയത് ഇന്ത്യയിൽ നിന്നാണ്. എന്റെ യാത്രയെ അതിന്റെ തുടർച്ചയായിട്ടാണ് ഞാൻ കാണുന്നത്. ജീവിതത്തിൽ നമ്മളേക്കാൾ വലുതായി എന്തെങ്കിലും സംഭാവന ചെയ്യണമെന്നാണ് കുടുംബ പാരമ്പര്യം എന്നെ പഠിപ്പിച്ചത്. മുതുമുത്തച്ഛൻ സർ ചേറ്റൂർ ശങ്കരൻനായർ ഇന്ത്യക്കുവേണ്ടി നൽകിയ സംഭാവനകളിൽ അഭിമാനിക്കുന്നു. അതിനൊത്ത് ഉയരാൻ ഞാൻ ശ്രമിക്കും. എന്റെ അങ്കിൾ ലെഫ്. ജനറൽ കെ.പി. കാൻഡത്ത് ഇതു കാണാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകാറുണ്ട്. കാരണം ഈ സ്വപ്‌നത്തെക്കുറിച്ച് ഞങ്ങൾ പലവട്ടം ചർച്ച ചെയ്‌തിട്ടുണ്ട്. പുറപ്പെടുമ്പോൾ അദ്ദേഹത്തെ ഞാൻ സ്മരിക്കും.

''നന്നായി പഠിക്കുക, വാതിലുകൾ തുറന്നുകിടപ്പുണ്ട്. ആകാംക്ഷ നിലനിർത്തുക. ബഹിരാകാശത്ത് നിന്നു നിങ്ങളെയെല്ലാം ഞാൻ നോക്കും.' കേരളത്തിലെ വിദ്യാർത്ഥികളോടായി അനിൽ മേനോൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL MENON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA