SignIn
Kerala Kaumudi Online
Saturday, 11 July 2026 10.19 PM IST

"ഒരേ വിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെയാണ്"

kt-jaleel-
കെ.ടി. ജലീൽ

തിരുവനന്തപുരം : പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ മുസ്ലിംലീഗിൽ ഏകാഭിപ്രായം ഉണ്ടാകണമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താതെ ഒഴിഞ്ഞു മാറുകയും മന്ത്രി കെ.എം. ഷാജി നിലവിളക്ക് കൊളുത്തിയതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ വിമർശനം.

ഒരേവിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ''ഹറാമും''(നിഷിദ്ധം), ഷാജിക്ക് 'ഹലാലും ''(അനുവദിനീയം) ആകുന്നത് എങ്ങിനെയാണ്. ഇക്കാലമത്രയും അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും 2026ൽ ദൈവത്തിലേക്ക് ഒരുമിച്ച് മാറിയത് പോലെ ഇതുവരെയും തൊപ്പിവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തി ലീഗിന്റെ അഞ്ചു മന്ത്രിമാരും തൊപ്പി വെക്കാതെ സത്യപ്രതിജ്ഞ ചെയ്തതു പോലെ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിലും ഒരു പൊതു തീരുമാനത്തിൽ ലീഗ് എത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവിളക്ക്: ലീഗിൽ ഏകാഭിപ്രായം ഉണ്ടാക്കണം!

പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിൽ ലീഗിൽ രണ്ട് സമീപനമോ? തിരുവനന്തപുരത്ത് നടന്ന ഒരു പൊതു ചടങ്ങിൽ കുഞ്ഞാലിക്കുട്ടി സാഹിബ് നിലവിളക്ക് കൊളുത്താനുള്ള കൊടിവിളക്ക് മറ്റുള്ളവർക്ക് കൈമാറി കൊളുത്താതെ സമർത്ഥമായി ഒഴിഞ്ഞു മാറുന്നു. മന്ത്രി കെ.എം ഷാജിയാകട്ടെ വിളക്ക് കൊളുത്തുകയും ചെയ്യുന്നു. അതിൻ്റെ വീഡിയോ ക്ലിപ്പിംഗാണ് താഴെ. ഒരേവിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ''ഹറാമും''(നിഷിദ്ധം), ഷാജിക്ക് "ഹലാലും ''(അനുവദനീയം) ആകുന്നത് എങ്ങിനെയാണ്?

ഇക്കാലമത്രയും അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും 2O26-ൽ ദൈവത്തിലേക്ക് ഒരുമിച്ച് മാറിയത് പോലെ ഇതുവരെയും തൊപ്പിവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തി ലീഗിൻ്റെ അഞ്ചു മന്ത്രിമാരും തൊപ്പി വെക്കാതെ സത്യപ്രതിജ്ഞ ചെയ്തതു പോലെ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിലും ഒരു പൊതു തീരുമാനത്തിൽ ലീഗ് എത്തണം. ഈ ഭരണം പോകും മുമ്പ് മുസ്ലിംലീഗിൽ നിന്ന് "മോദിക്കാലം" പറഞ്ഞ് മുസ്ലിംലീഗിൽ നിന്ന് "മുസ്ലിം" മാറ്റി "ഇന്ത്യൻ യൂണിയൻ മൈനോരിറ്റി ലീഗ്" എന്നാക്കുന്ന തീരുമാനവും പ്രതീക്ഷിക്കാം. അതോടൊപ്പം കൊടിയുടെ ''പച്ച" നിറവും ചന്ദ്രക്കലയും കൂടി മാറ്റി ശുഭ്ര പതാകയും അതിനുമേൽ പച്ച നക്ഷത്രം മാത്രമാക്കി പുതിയ പതാക ലീഗ് സ്വീകരിച്ചാലും അൽഭുതപ്പെടേണ്ടി വരില്ല.

കൂരിയാട്‌, കൂടത്തായി, പൂക്കോട്ടൂരാതി പൂങ്കവരേ, നിങ്ങൾക്കൊന്നും പറയാനില്ലെ?

1967-ലെ സഖാവ് ഇ.എം.എസ് നേതൃത്വം നൽകിയ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയാ സാഹിബ്, വിദ്യാഭ്യാസ മന്ത്രിയായും, മഞ്ചേരിയിൽ നിന്നുള്ള അഹമ്മദ്‌ കുരിക്കൾ, പഞ്ചായത്ത് മന്ത്രിയായും, സത്യപ്രതിജ്ഞ ചെയ്തത്, തൊപ്പി ധരിച്ച് അള്ളാഹുവിൻ്റെ നാമത്തിലാണന്ന യാഥാർത്ഥ്യം, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത് പോലും മതവിരുദ്ധമായി പ്രചരിപ്പിക്കന്നവർ ഓർക്കുന്നത് നല്ലതാണ്.

ആരാധനാ രൂപത്തിലല്ലാതെ കേവല ആചാരമെന്ന നിലയിൽ ഒരു ഇസ്ലാം മത വിശ്വാസി നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നാണ് സമസ്തയുടെ മുൻ അദ്ധ്യക്ഷൻ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അസ്ഹരി, സംശയ നിവാരണം വരുത്താൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത്. എനിക്കും സമാന അഭിപ്രായമാണ് നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട് മുമ്പുമുതൽക്കേ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിൽ കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ വിമുഖത കാണിക്കാതിരുന്നത്.

ഒരു കമ്മ്യൂണിസ്റ്റുകാരൻ നിലവിളക്ക് കൊളുത്തുന്നത് വിശ്വാസത്തിൻ്റെ ഭാഗമായല്ല, കേരളീയ സംസ്കാരവുമായി ബന്ധപ്പെട്ട ആചാരം എന്ന നിലക്കാണ്. സമാനമായി ഒരു ഇസ്ലാംമത വിശ്വാസിക്കും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. ആരെങ്കിലും നിലവിളക്ക് കൊളുത്താതെ മാറി നിന്നാൽ അത് മഹാപരാധമാണെന്ന വിശ്വാസവും എനിക്കില്ല.

നിലവിളക്ക് കൊളുത്തുന്ന വിഷയത്തിൽ ലീഗിൽ രണ്ട് അഭിപ്രായക്കാർ ഉണ്ടാകാൻ പാടില്ല. ഒന്നുകിൽ എല്ലാവരും നിലവിളക്ക് കൊളുത്തുക, അതല്ലെങ്കിൽ ഇതുവരെ ചെയ്ത പോലെ ആരും വിളക്ക് കൊളുത്താതിരിക്കുക. മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബും ഷംസുദ്ദീനും നിലവിളക്ക് കൊളുത്താത്ത പിന്തിരിപ്പൻമാരായ മതമൗലികവാദികളും, മന്ത്രിമാരായ ഷാജിയും ഗഫൂറും എം.എൽ.എയായ ഫാത്തിമ തഹ്ലിയയുമെല്ലാം നിലവിളക്ക് കൊളുത്തുന്ന പുരോഗമന മതനിരപേക്ഷക്കാരും ആണെന്ന വ്യാഖ്യാനമുണ്ടാകാൻ അതിടവരുത്തും. ലീഗണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ അത് ഇടവരുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KT JALEEL, MUSLIM LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA