SignIn
Kerala Kaumudi Online
Friday, 25 September 2026 4.20 PM IST

ആഗ്രഹം സഫലമാകാതെ ക്രിസ്റ്റിയുടെ മടക്കം

christy

തിരുവനന്തപുരം: തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞ് ജന്മനാട്ടിൽ വിശ്രമ ജീവിതം നയിക്കണം. ഡോ.ക്രിസ്റ്രി ഫെർണാണ്ടസിന്റെ വലിയ ആഗ്രഹമായിരുന്നു അത്. അത് സഫലമാകാതെ അദ്ദേഹം മടങ്ങി. കൊല്ലം ക്ളാപ്പന സെന്റ് ജോസഫ്സ് സ്കൂളിന് സമീപത്ത് ഇത്താംതറയെന്ന കുടുംബവീട് പുതുക്കി പണിതത് ഈ ആഗ്രഹം മുൻനിറുത്തിയായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ഇവിടേക്ക് ഓടിയെത്തുമായിരുന്നു. രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറി പദവിവരെയെത്തിയപ്പോഴും സ്വന്തം ഗ്രാമത്തോടുള്ള സ്നേഹവായ്പ് മനസിൽ സൂക്ഷിച്ചു.

കേരളത്തിന്റെ വികസന സാദ്ധ്യതകളെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ് എന്ന് മുൻ കേരള അക്കൗണ്ടന്റ് ജനറലും ഭാര്യാസഹോദരനുമായ ജയിംസ് ജോസഫ് പറഞ്ഞു. ഏറ്റെടുക്കുന്ന ചുമതലകൾ അത്യന്തം മികവോടെ നിർവഹിക്കാൻ എപ്പോഴും ജാഗ്രത കാട്ടിയിരുന്നു.

ക്രിസ്റ്റിഫെർണാണ്ടസ് ഏഴാം ക്ളാസ് വരെ പഠിച്ചത് ക്ളാപ്പന സെന്റ് ജോസഫ്സ് സ്കൂളിൽ. ഹൈസ്കൂൾ വിദ്യാഭ്യാസം കൊല്ലം ക്രിസ്തുരാജ സ്കൂളിലും. കൊല്ലം ഫാത്തിമാമാതാ നാഷണൽ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് എന്നിവിടങ്ങളിലെ പഠനശേഷം, 1973ലാണ് ഗുജറാത്ത് കേഡറിൽ സിവിൽസർവീസിൽ പ്രവേശിക്കുന്നത്. ഗുജറാത്ത് ടൂറിസം, നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. പിന്നീട് ഡൽഹിയിലേക്ക് മാറി. ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് യോഗേന്ദ്ര മക്വാന കേന്ദ്രമന്ത്രിയായപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഈ ചുമതലകളെല്ലാം വഹിക്കുമ്പോഴും കേരളത്തിന്റെ വികസനകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. ഇവിടത്തെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് വലിയ കാഴ്ചപ്പാടുണ്ടായിരുന്നു.

രാഷ്ട്രപതിഭവനെ

ജനകീയമാക്കി

രാഷ്ട്രപതിഭവനെ ഏറ്റവും ജനകീയമാക്കി മാറ്റിയത് ക്രിസ്റ്രി ഫെർണാണ്ടസ് രാഷ്ട്രപതിയുടെ സെക്രട്ടറിയായിരിക്കുമ്പോഴാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽനിന്ന് എത്തുന്നവർക്ക് രാഷ്ട്രപതിഭവൻ തീർത്തും അപ്രാപ്യമെന്ന ധാരണ മാറ്രിയെഴുതി. അവിടം സന്ദർശിക്കാനും രാഷ്ട്രപതി ഭവന്റെ ചിത്രം പകർത്താനുമൊക്കെ അവസരമൊരുക്കി. രാഷ്ട്രപതി ഭവനിലെ വെർട്ടിക്കൽ ഗാർഡൻ അദ്ദേഹത്തിന്റെ ആശയമാണ്.

കേരളത്തിൽ നിന്നെത്തുന്നവരെ സ്വീകരിക്കാനും അവർക്കുവേണ്ട സൗകര്യങ്ങളൊരുക്കാനും എപ്പോഴും ശുഷ്കാന്തി കാട്ടിയിരുന്നു. ലാളിത്യമായിരുന്നു മുഖമുദ്ര. ഗ്രാമീണതയുടെ വിശുദ്ധി മനസിൽ എപ്പോഴും സൂക്ഷിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ഒരുപോലെ ആഴത്തിലുള്ള സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR. CHRISTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA