SignIn
Kerala Kaumudi Online
Friday, 05 June 2026 1.45 AM IST

പ്ളാൻഫണ്ടിൽ 20000 കോടി കാണാനില്ല:മുഖ്യമന്ത്രി #വെറുതെ അധിക്ഷേപിക്കരുതെന്ന് മുൻധനമന്ത്രി ബാലഗോപാൽ

READ ENGLISH VERSION
a

തിരുവനന്തപുരം: മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച അവസാനബഡ്ജറ്റിലെ പ്ളാൻഫണ്ടിൽ 20000കോടി കാണാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.രാഷ്ട്രീയലക്ഷ്യം വെച്ച് വെറുതെ അധിക്ഷേപിക്കരുതെന്ന് കെ.എൻ.ബാലഗോപാൽ

പത്തുവർഷത്തെ ഇടതുമുന്നണി ഭരണകാലത്തെ ധനകാര്യകെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി.സതീശൻ സഭയിൽ വെച്ച ധവളപത്രത്തെ ചൊല്ലി പ്രത്യേകമായി നടത്തിയ വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി.സതീശനും മുൻധനമന്ത്രി കെ.എൻ.ബാലഗോപാലും ആരോപണ- പ്രത്യാരോപണങ്ങൾ ഉന്നയിച്ചു.

#ഇല്ലാത്ത 20000കോടി ഉൾപ്പെടുത്തി

*വി.ഡി.സതീശൻ:'കെ.എൻ. ബാലഗോപാലിന്റെ അവസാന ബഡ്ജറ്റിൽ 35,000 കോടിരൂപയുടെ പദ്ധതിയാണ് ഉണ്ടായിരുന്നത്. ഞങ്ങൾ അധികാരത്തിലെത്തി കണക്ക് പരിശോധിച്ചപ്പോൾ 20,000 കോടി രൂപ ഇല്ല. ഈ വർഷം ആദ്യം റവന്യൂ കമ്മി ഗ്രാന്റായി 14137കോടിയും ധനകാര്യകമ്മിഷൻ വിഹിതമായി 5000കോടി അധികവും കിട്ടുമെന്ന് കരുതിയാണത്രേ പ്ലാൻ തയ്യാറാക്കിയത്. പക്ഷേ,16ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് നിർത്തലാക്കി.അതോടെ 20000കോടിയോളം പ്ളാൻഫണ്ടിൽ ഇല്ലാതായി. കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെങ്കിലും പ്ലാൻ തയ്യാറാക്കുമോ!

പ്ളാൻഫണ്ടിലല്ല കുറഞ്ഞത്

കെ.എൻ.ബാലഗോപാൽ: തുകവ്യത്യാസം വന്നത് പ്ളാൻ ഫണ്ടിലല്ല. ബഡ്ജറ്റിലെ മൊത്തം വരുമാനത്തിലാണ്. ധനകാര്യകമ്മിഷൻതുടങ്ങിയ കാലം മുതലുള്ളതാണ് റെവന്യു ഡെഫിസിറ്റ്ഗ്രാന്റ്. അത് നിറുത്തലാക്കുമെന്ന് എങ്ങനെ അറിയാനാണ്.ധനകാര്യകമ്മിഷൻ വിഹിതം കൂട്ടുമെന്നത് കണക്ക് സഹിതമുള്ള കാര്യമാണ്.ബഡ്ജറ്റിൽ ആ തുക കുറച്ചു കാണിച്ചാൽ നഷ്ടമാകുന്നത് കേരളത്തിന് അർഹമായ വിഹിതമായിരിക്കും.അതിന് പകരം റെവന്യു ചെലവിൽ 20000കോടി അധികം കണക്കാക്കിയിട്ടുണ്ട്.അത് സതീശനും അറിയാം.രാഷ്ട്രീയതാൽപര്യം വെച്ച് വെറുതെ അധിക്ഷേപിക്കരുത്.

#ട്രഷറിയിൽ 6000കോടി എവിടെ?

*വി.ഡി.സതീശൻ: '6,000 കോടിരൂപ ട്രഷറിയിൽ ബാക്കിവെച്ചിട്ടുണ്ടെന്നാണ് കുറച്ചുദിവസങ്ങളായി മുൻധനമന്ത്രി പ്രചാരണം നടത്തുന്നത്. ഇവർ പടിയിറങ്ങുന്ന മേയ് 16ന് രണ്ടായിരം കോടി രൂപ മാത്രമേ ട്രഷറിയിൽ ഉണ്ടായിരുന്നുള്ളു. ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ. ഒരു ഉദാഹരണം പറയാം.

. നിയമസഭയിലെ ഒരു ജീവനക്കാരന് ശമ്പളം 50,000 രൂപയുണ്ടെന്ന് സങ്കൽപ്പിക്കുക. പലചരക്ക് കടയിലും പാലിനും പത്രത്തിനും ഒക്കെയായി ഒരുപാട് പണം കൊടുക്കണം. ഇവർക്കൊന്നും കൊടുക്കാതെ ശമ്പളം വാങ്ങി പോക്കറ്റിൽ വച്ചിട്ട് എന്റെ കൈയിൽ 50,000 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് നടക്കുകയാണ്. ഇതുപോലാണ് ഖജനാവിന്റെ അവസ്ഥ.

6000കോടി ഉണ്ടായിരുന്നു

#കെ.എൻ.ബാലഗോപാൽ:അധികാരം വിട്ടൊഴിയുമ്പോൾ 6000കോടി ബാക്കിയുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഇലക്ഷൻ കമ്മിഷന്റെ അനുമതി കിട്ടാതെയിരുന്ന ചെലവുകൾ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഓട്ടോമാറ്റിക്കായി കാവൽ സർക്കാരിന്റെ കാലത്ത് അനുവദിച്ചുപോയതുകൊണ്ടാകാം സതീശൻ ഭരണമേറ്റെടുത്തപ്പോൾ തുക കുറഞ്ഞത്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞപ്പോഴും ഇങ്ങനെതന്നെയായിരുന്നു.കണക്ക് എടുത്ത് നോക്കിയാൽ മതി.

#തദ്ദേശസ്ഥാപനങ്ങൾക്ക്

മൂന്നാം ഗഡു കൊടുത്തില്ല

*വി.ഡി.സതീശൻ:തദ്ദേശസ്ഥാപനങ്ങൾക്ക് 1982കോടിയുടെ മൂന്നാം ഗഡു കഴിഞ്ഞ വർഷം കൊടുത്തില്ല. അതും പുതിയ സർക്കാർ കൊടുക്കേണ്ടിവരും.

*കെ.എൻ.ബാലഗോപാൽ:തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഇലക്ഷൻ കമ്മിഷന്റെ അനുമതി കിട്ടാതിരുന്നതു കൊണ്ടാണ് കൊടുക്കാൻ കഴിയാതിരുന്നത്. ഇത് പതിവ് ഭരണനടപടിമാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA