
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം വെറും ഉമ്മാക്കിയല്ലെന്നും മുൻ എൽ.ഡി.എഫ് സർക്കാരിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെടുകാര്യസ്ഥത നിറഞ്ഞ ഭരണത്തിനുശേഷം പിടിയിറങ്ങുമ്പോൾ 6,000 കോടിരൂപ ട്രഷറിയിൽ ബാക്കിവെച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ പ്രചാരണം നടത്തുന്നത്. 6,000 കോടി രൂപ ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാംഗഡു കൊടുത്തില്ല. 1982 കോടി രൂപയാണ് കൊടുക്കാനുള്ളത്. പട്ടികജാതിപട്ടിക വർഗ വിദ്യാർഥികൾക്ക് 377കോടി കൊടുക്കാനുണ്ട്. വിലകയറ്റം തടഞ്ഞുനിർത്തേണ്ട ഏജൻസിയല്ലേ സപ്ലൈകോ. അവർക്ക് കൊടുക്കാനുണ്ട് 2893 കോടി.
മെഡിക്കൽ സർവീസ് കോർപ്പറേഷന് കൊടുക്കാനുണ്ട് 476കോടി. ഇതുമൂലം മരുന്ന് വിതരണം മുടങ്ങി. എൽ.ഡി.എഫ് സർക്കാർ പടിയിറങ്ങുമ്പോൾ 2,212കോടി രൂപ മാത്രമാണ് ബാക്കിയെന്നും കണക്കുകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ആളുകളെ കബളിപ്പിക്കുകയാണ് എൽഡിഎഫ് ചെയ്യുന്നതെന്നും വിമർശിച്ചു.
ഒരു സർക്കാരും അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്നമാണ് തങ്ങൾ നേരിടുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. 35,000കോടി രൂപയുടെ പ്ളാൻഫണ്ടിൽ 20000കോടിരൂപ ഇല്ല.ഇനി അതും പുതിയ സർക്കാർ കണ്ടെത്തണം.ഇതുപോലുള്ള കെടുകാര്യസ്ഥതയുടെ സാമ്പത്തിക സ്ഥിതിയാണ് ധവളപത്രത്തിൽ വിവരിക്കുന്നത്. അത് മറികടക്കാനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ വരിക. അതിനുള്ള നയമാണ് സഭയിൽ ഗവർണർ അവതരിപ്പിച്ചത്.സംസ്ഥാനം നേരിടുന്ന വികസന മുരടിപ്പിനും വന്യജീവി -മനുഷ്യ സംഘർഷത്തിനും ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും.
ബിജെപി -യു.ഡി.എഫ് ഡീലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ബി.ജെ.പി.ജയിച്ച നേമത്ത് ഇടതുമുന്നണിക്കും യു.ഡി.എഫിനും വോട്ട് കുറഞ്ഞു.ചാത്തന്നൂരിൽ യു.ഡി.എഫിന് ആയിരം വോട്ട് കൂടി. ഇടതുമുന്നണിക്ക് 11000വോട്ട് കുറഞ്ഞു.കഴക്കൂട്ടത്ത് യു.ഡി.എഫിന് 4285വോട്ട് കൂടി.ഇടതുമുന്നണിക്ക് 17535വോട്ട് കുറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ തിയറിവെച്ചാണെങ്കിൽ ഡീൽ നടന്നത് ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |