കൊച്ചി: അമേരിക്ക ആസ്ഥാനമായുള്ള കോറോ ഹെൽത്ത് കമ്പനിയുടെ കൂട്ടിപ്പിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് കോഴിക്കോട്, കൊച്ചി ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് പ്രവേശനം നിഷേധിച്ചതോടെ എഐടിയുസി അടക്കമുള്ള വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജോലിക്ക് കയറാനാകാതെ പൊരിവെയിലത്ത് ഗർഭിണികൾ അടക്കമുള്ള ജീവനക്കാർ കാത്തുനിൽക്കുകയാണ്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജീവനക്കാർ പറഞ്ഞു.
സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ ജീവനക്കാരുമായി ചർച്ച നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ നടന്ന ചർച്ചയിൽ പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും കമ്പനി ഇതിൽ നിന്നും പിന്മാറിയത് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് കോഴിക്കോട്, കൊച്ചി ഓഫീസുകളിലെ എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്. ജോലിയ്‌ക്കെത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ മാനേജ്മെന്റ് ആവശ്യപ്പെടുകയും കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി പൂട്ടുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
ആശങ്കയിലായ ജീവനക്കാർ എംഎൽഎ അടക്കമുള്ളവരെ വിവരമറിയിച്ചു. തുടർന്നാണ് ജില്ലാ ഓഫീസർ, ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപ്പെട്ടത്. പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുകയാണ് കോറോ ഹെൽത്ത്.
പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും പുതിയ ലേബർ കോഡുകൾ പൂർണമായി പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് (1947) പ്രകാരം മുന്നൂറിൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് രണ്ട് മുതൽ രണ്ടര മാസത്തെ ശമ്പളം നഷ്ടപരിഹാരം എന്ന പേരിൽ കമ്പനി നിക്ഷേപിച്ചു. ഈ തുക കൈപ്പറ്റുന്നതോടെ കമ്പനിക്കെതിരെ ഭാവിയിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടപ്പെടുമെന്ന നിബന്ധനയോടെയാണ് തുക നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |