SignIn
Kerala Kaumudi Online
Friday, 05 June 2026 1.45 AM IST

പോരാടാനുറച്ച് സി.പി.ഐ, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ല, ആത്മാഭിമാനം പണയപ്പെടുത്തില്ല

a

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ സി.പി.എമ്മുമായുള്ള തർക്കം രൂക്ഷമാകുന്നു. ആത്മാഭിമാനം പണയപ്പെടുത്തി ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ലെന്നാണ് സി.പി.ഐ തീരുമാനം. അതേസമയം, ഒരുതരത്തിലും വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.എം നിലപാട്. കീഴ്‌‌വഴക്കം അനുസരിച്ച് അത്‌ സി.പി.എമ്മിന് അവകാശപ്പെട്ടതാണ്. ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും.

ഇന്നലെ ചേർന്ന സി.പി.ഐ സെക്രട്ടേറിയറ്റ് യോഗത്തിൽ സി.പി.എമ്മിന് വഴങ്ങേണ്ടതില്ലെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. എട്ടുസീറ്റുള്ള സി.പി.ഐക്ക് അവകാശപ്പെട്ടതാണ് ഉപനേതാവ് സ്ഥാനം. മുന്നണിയെ നയിക്കുന്ന പാർട്ടി ചില പ്രത്യേക സാഹചര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ആവശ്യത്തിൽ നിന്ന് ഇനി പിന്നോട്ട് പോകുന്നത് നാണക്കേടാണ്. പൊതുസമൂഹത്തിൽ അവമതിപ്പിന് അത് കാരണമാകും.

വിട്ടുവീഴ്ച ചെയ്ത് മുന്നണി ബന്ധം നിലനിറുത്തേണ്ട ആവശ്യമില്ല. ഐക്യം നിലനിറുത്തി ഭരണം സംരക്ഷിക്കേണ്ട സാഹചര്യവും ഇപ്പോഴില്ല. 2011ൽ സി.പി.എമ്മിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് ഉപനേതാവ് സ്ഥാനവും സി.പി.എം ഏറ്റെടുത്തത്. 2016ലും 2021ലും യു.ഡി.എഫിൽ ഉപനേതൃസ്ഥാനം രണ്ടാമത്തെ പാർട്ടിയായ മുസ്ളീം ലീഗിന് നൽകി. കോൺഗ്രസ് കാണിച്ച മുന്നണി മര്യാദ സി.പി.എമ്മും കാണിക്കണമെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.

സെക്രട്ടറിക്ക് വിമർശനം

പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സെക്രട്ടേറിയറ്രിൽ വിമർശനം ഉയർന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം പരസ്യമായി ആവശ്യപ്പെട്ടത് ഉചിതമായില്ലെന്ന് മുൻമന്ത്രിമാർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. അതേസമയം, സി.പി.എം കേന്ദ്ര നേതൃത്വത്തെ ഇടപെടുത്തി പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കാനുള്ള നീക്കവും സി.പി.ഐ നടത്തുന്നുണ്ട്.

''സി.പി.ഐ നിലപാടിൽ മാറ്റമില്ല. കീഴ്‌വഴക്കങ്ങൾ മാറ്റേണ്ടി വന്നാൽ മാറ്റണം. മുഖ്യമന്ത്രി കസേര വേണ്ടെന്ന് വച്ച പാർട്ടിയാണ് സി.പി.ഐ.

-ബിനോയ് വിശ്വം,

സി.പി.ഐ സംസ്ഥാന സെക്രട്ടറി

''ആരുടെ ആത്മാഭിമാനവും ആർക്കും പണയം വയ്ക്കാൻ പാടില്ല എന്നുള്ള നിലപാടുള്ളവരാണ് ഞങ്ങളെല്ലാം. സി.പി.ഐ പറഞ്ഞ കാര്യങ്ങളോടൊന്നും ഞങ്ങൾക്ക് എതിർപ്പില്ല. 2011ൽ ഉപനേതാവ്സ്ഥാനം സി.പി.എമ്മിനായിരുന്നു. അതാണ് കീഴ്‌‌വഴക്കവും.

-എം.വി.ഗോവിന്ദൻ,

സി.പി.എം സംസ്ഥാന സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA