
തിരുവനന്തപുരം: നിർമ്മാണം നടക്കുന്നതും മുടങ്ങിക്കിടക്കുന്നതുമായ എല്ലാ ജലവൈദ്യുതി പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കി കെ.എസ്.ഇ.ബി. ആഭ്യന്തര വൈദ്യുതി ഉത്പാദനം സാദ്ധ്യമായ എല്ലാ മാർഗങ്ങളിലും വർദ്ധിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഓരോ പദ്ധതികളുടേയും സിവിൽ, ഇലക്ട്രോ-മെക്കാനിക്കൽ ജോലികൾ, മെഷീൻ ഇൻസ്റ്റലേഷൻ, കമ്മീഷനിംഗിന് മുന്നോടിയായുള്ള പരിശോധനകൾ എന്നിവ നിശ്ചിത സമയക്രമത്തിൽ പൂർത്തിയാക്കണം. ഇതിന്റെ ഭാഗമായി ചിന്നാർ, പൂവാരംതോട്, ഒലിക്കൽ, പഴശ്ശിസാഗർ എന്നീ നാലു ചെറുകിട ജലവൈദ്യുതി പദ്ധതികൾ 2027മേയ് മാസത്തോടെ പൂർത്തിയാക്കും. 24 മെഗാവാട്ട് ശേഷിയുള്ള ചിന്നാർ പദ്ധതിയുടെ ഒന്നാംഘട്ടം 2018ലും തുടർന്നുള്ള ഘട്ടം 2022ലും ആണ് ആരംഭിച്ചത്. ഇവിടെ സിവിൽ ജോലികൾ 85.37 ശതമാനവും ഇലക്ട്രോ-മെക്കാനിക്കൽ ജോലികൾ 94.56 ശതമാനവും പൂർത്തിയായി. 3 മെഗാവാട്ട് ശേഷിയുള്ള പൂവാരംതോട് പദ്ധതിയുടെ സിവിൽ ജോലികളിൽ 78.75 ശതമാനവും ഇലക്ട്രോ മെക്കാനിക്കൽ ജോലികളിൽ 87.05 ശതമാനവുമാണ് പുരോഗതി. 2022ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഇതേ വർഷം നിർമ്മാണം തുടങ്ങിയ 5 മെഗാവാട്ട് ശേഷിയുള്ള ഒലിക്കൽ പദ്ധതിയുടെ സിവിൽ ജോലികൾ 73 ശതമാനവും ഇലക്ട്രോ-മെക്കാനിക്കൽ ജോലികൾ 10.88 ശതമാനവും പൂർത്തിയായിട്ടുണ്ട്. 2017ൽ തുടങ്ങിയ 7.5 മെഗാവാട്ട് ശേഷിയുള്ള പഴശ്ശിസാഗർ പദ്ധതിയിൽ സിവിൽ ജോലികൾ 66.43 ശതമാനവും ഇലക്ട്രോ-മെക്കാനിക്കൽ പ്രവൃത്തികൾ 64.38 ശതമാനവും പൂർത്തിയായിട്ടുണ്ട്.
പദ്ധതികൾ വൈകാൻ കാരണം
വിവിധ അനുമതികളുടെ കാലതാമസം, യന്ത്രോപകരണങ്ങളുടെ ലഭ്യതക്കുറവ്, കരാറുകാരുടെ മെല്ലപ്പോക്ക് എന്നിവയാണ് പദ്ധതികളുടെ പൂർത്തീകരണം നീളാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |