
തലശ്ശേരി: ബി.എം.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സി.പി.എം പ്രവർത്തകൻ ജമ്മിന്റവിട ബിജുവിനെയാണ് (44) തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്. ചമ്പാട് കുറിച്ചിക്കരയിൽ വിനയനാണ് കൊല്ലപ്പെട്ടത്.
ജീവപര്യന്തത്തിന് പുറമെ മറ്റ് മൂന്ന് വകുപ്പുകളിലായി ആറുമാസം, ഒരു വർഷം, ഒരു മാസം എന്നിങ്ങനെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. പക്ഷേ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക വിനയന്റെ ആശ്രിതർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. കേസിലെ മറ്റ് ഏഴുപ്രതികളെ വെറുതെവിട്ടിരുന്നു.
2009 മാർച്ച് 12ന് വൈകിട്ട് 6.50നാണ് വിനയൻ കൊല്ലപ്പെട്ടത്. ഹർത്താൽ ദിനത്തിൽ സുഹൃത്തുക്കളായ സതീശൻ, ദിലീപ് കുമാർ എന്നിവർക്കൊപ്പം സിഗരറ്റ് വാങ്ങാൻ പോയ വിനയനെ ഇന്നോവ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു. സി.പി.എം പ്രവർത്തകനായ അജയനെ തലേദിവസം ബി.ജെ.പി പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് വിനയൻ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |