
തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങൾക്ക് സുരക്ഷിതമായി കൂടുതൽ വായ്പയെടുക്കാൻ അനുമതി നൽകണമെന്ന് ഏഴാം ധനകാര്യകമ്മിഷൻ ശുപാർശ. തദ്ദേശസ്ഥാപനങ്ങളുടെ വായ്പ സർക്കാരിന്റെ വായ്പാപരിധിയിൽ പെടില്ല എന്നതിനാൽ ഇത് സർക്കാരിന്റെ വായ്പാലഭ്യതയെ ബാധിക്കില്ല.
ഗവർണർ ആർ.വി.ആർലേക്കറിന് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിലാണ് ശുപാർശ.തദ്ദേശസ്ഥാപനങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാൻ അവസരം നൽകണം. നികുതി,നികുതിയേതരവരുമാനം വർദ്ധിപ്പിക്കാൻ സർക്കാരുകളെക്കാൾ സാദ്ധ്യത തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. വായ്പയെടുക്കാൻ അനുവദിക്കുന്നതിനൊപ്പം സാഹചര്യവും സർക്കാർ ഒരുക്കണം.
നികുതി-നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനും വായ്പകളുടെയും മുനിസിപ്പൽ ബോണ്ടുകളുടേയും സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിന്റെ ഭാഗമാണ്. കോർപ്പറേറ്റുകളുടെ സാമൂഹ്യസുരക്ഷഫണ്ട്(സി.എസ്.ആർ) ഉപയോഗപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ പിറകിലാണ്. സി.എസ്.ആർ.ഫണ്ട് ലഭ്യമാക്കുന്നതിനും ഊർജ്ജിതശ്രമം ആവശ്യമാണ്. ഭരണനിർവഹണസംവിധാനത്തിൽ, പ്രത്യേകിച്ചും നഗരഭരണത്തിൽ അഴിച്ചുപണി ആവശ്യമാണ്.
കേന്ദ്രധനക്കമ്മിഷൻ ഗ്രാന്റിന്റെ 83.45 ശതമാനം തുക മുനിസിപ്പാലിറ്റികൾക്കും സിറ്റി കോർപ്പറേഷനുകൾക്കുമായാണ് അനുവദിച്ചിരിക്കുന്നത്. ജനസംഖ്യയുടെ 77ശതമാനമുളള ഗ്രാമീണമേഖലയ്ക്ക് 16.55ശതമാനം തുക മാത്രമാണുളളത്. കേന്ദ്രധനക്കമ്മിഷൻ ഫണ്ട് വെട്ടിക്കുറച്ചതിന്റെ പ്രയാസം ഗ്രാമീണമേഖല നേരിടുമ്പോൾ അധികവിഭവം ലഭ്യമാകുന്ന മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും തലവേദനയാവുന്നത് കേന്ദ്രധനക്കമ്മിഷൻറെ നിബന്ധനകളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2027മുതൽ 2031വരെ പ്രാദേശികസർക്കാരുകൾക്ക് കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ധനക്കമ്മിഷൻ ചെയർമാൻ പ്രൊഫ.കെ.എൻ.ഹരിലാൽ, അംഗങ്ങൾ കെ.ആർ.ജ്യോതിലാൽ, ടി.വി.അനുപമ തുടങ്ങിയവർസംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |