
ശിവഗിരി: വിവിധ ഭാഷകളിൽ അഭിനവ മികവ് തെളിയിച്ചിട്ടും പ്രമുഖ നടൻ ദേവന് മലയാള നാട് അർഹിക്കുന്ന അംഗീകാരം നൽകിയില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിന്റ് സ്വാമി സച്ചിദാനന്ദ. ദേവന് തെലുങ്കിലെ അഭിനയ മികവിന് അവിടെ പുരസ്കാരം നൽകി ആദരിച്ചതായും, ശിവഗിരി മഠത്തിൽ തുടക്കം കുറിച്ച നവരാത്രി മഹോത്സവ ഉദ്ഘാടന സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
ശ്രീനാരായണഗുരുദേവൻ സശരീരനായിരിക്കുമ്പോൾ ശിവഗിരിയിൽ നവരാത്രി വേളയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. മുതുകുളം പാർവ്വതിഅമ്മയ്ക്ക് കവിത അവതരിപ്പിക്കാനും, മണ്ണാന്തറ പാർവ്വതിഅമ്മയ്ക്ക് പ്രസംഗിക്കാനും അവസരമൊരുക്കി. ഇരുവർക്കും ഗുരുദേവൻ ഉപഹാരം നൽകിയെന്നും സ്വാമി പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും നിലവിലുള്ള മുന്നണി ഭരണ സംവിധാനത്തോടു ജനങ്ങൾക്ക് മടുപ്പ്
തോന്നിത്തുടങ്ങിയെന്ന് നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്ത ദേവൻ പറഞ്ഞു. മുന്നണി ഭരണത്തിൽ പിന്നാക്ക - അവശ വിഭാഗങ്ങൾക്ക് അർഹമായ അവസരങ്ങൾ നിഷേധിക്കപ്പെടുന്നു.
തിൻമയെ പിന്തള്ളി നന്മയുടെ പ്രകാശം പരത്താനുള്ള ചിന്തയാണ് നവരാത്രി പ്രദാനം ചെയ്യുന്നതെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ആഘോഷക്കമ്മിറ്റി കൺവീനർ സ്വാമി വിരജാനന്ദ എന്നിവർ പ്രസംഗിച്ചു. ധർമ്മസംഘം മുൻ ട്രഷറർ സ്വാമി പരാനന്ദ നവരാത്രി ദീപം തെളിച്ചു.
ഫോട്ടോ....... ശിവഗിരിയിൽ നവരാത്രി ആഘോഷങ്ങൾ നടൻ ദേവൻ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |