SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

നെഞ്ചിടിപ്പോടെ വടക്കൻ കേരളം

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിനെ നിശ്ചയിക്കുന്നതിൽ നിർണായകമായ വടക്കൻ കേരളത്തിൽ ഇക്കുറി പോളിംഗ് ശതമാനം കൂടിയതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പേറി. വടക്കൻ കാറ്റ് ആർക്ക് അനുകൂലമാകുമെന്നതാണ് ആകാംക്ഷ. കാസർകോട്ടെ അഞ്ചുസീറ്റിൽ മൂന്ന്, കണ്ണൂരിലെ 11ൽ ഒൻപത്, കോഴിക്കോട്ടെ 13ൽ പതിനൊന്ന്, വയനാട്ടിലെ മൂന്നു സീറ്റിൽ ഒന്ന്, മലപ്പുറത്ത് മൂന്നെണ്ണമടക്കം 27 സീറ്റുകളാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ചത്.

മലപ്പുറത്തെ പതിമൂന്ന് സീറ്റിന്റേയും വയനാട്ടിലെ രണ്ട് സീറ്റിന്റേയും നഷ്ടം ഒഴിച്ചാൽ വടക്കൻകാറ്റ് കഴിഞ്ഞ കാലങ്ങളിലെല്ലാം ഇടതിനൊപ്പമായിരുന്നു. ഇക്കുറി പോളിംഗ് ശതമാനം ഗണ്യമായി ഉയർന്നപ്പോൾ എന്ത് മറിമായം നടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ മറ്റു പല മണ്ഡലങ്ങളെയും അപേക്ഷിച്ച് അത്യന്തം വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങൾ കുറവാണ് വടക്കൻ കേരളത്തിൽ. കാസർകോട് ജില്ലയിൽ ബി.ജെ.പിയിലെ കെ.സുരേന്ദ്രന്റെ സാന്നിദ്ധ്യം മാത്രമാണ് നിർണായകമെന്ന് പറയാനുള്ളത്.

കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ചെറിയ വോട്ടിന് പരാജയപ്പെട്ട സുരേന്ദ്രൻ ഇക്കുറി കേരളത്തിൽ എൻ.ഡി.എയുടെ കൊടുങ്കാറ്റാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, കാസർകോട് ജില്ലയിൽ കഴിഞ്ഞ തവണ 77.34 ശതമാനമുണ്ടായിരുന്ന പോളിംഗ് ഇക്കുറി കുറഞ്ഞിട്ടുണ്ട്.

കണ്ണൂർ മണ്ഡലത്തിൽ ഇക്കുറി ഇടതുമുന്നണിക്ക് നേരിയ ആശങ്കയുണ്ട്. പയ്യന്നൂരിലും തളിപ്പറമ്പിലും യു.ഡി.എഫ് പിന്തുണയോടെ സി.പി.എം വിമതർ മത്സരിക്കുന്നത് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നതും കാത്തിരുന്നു കാണണം. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും സി.പി.എമ്മിലെ കെ.കെ.ശൈലജയും നേർക്കുനേർ ഏറ്റുമുട്ടുന്ന പേരാവൂരും നിർണായകമാണ്.വയനാട്ടിലെ മൂന്നുസീറ്റിൽ മാനന്തവാടിയിൽ സി.പി.എം നേതാവ് കേളുവിനും ബത്തേരിയിലും കൽപ്പറ്റയിലും കോൺഗ്രസ് നേതാക്കളായ സിദ്ദിഖിനും ഐ.സി.ബാലകൃഷ്ണനും വലിയ പരിക്കൊന്നും പറ്റാനിടയില്ല.

ഉറ്റുനോക്കി മലപ്പുറം

കോഴിക്കോട്

കോഴിക്കോട്ട് 11സീറ്റിൽ എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും എന്നതാണ് നിലവിലെ അവസ്ഥ. മന്ത്രി മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂരിലും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിലും വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അതേസമയം, യു.ഡി.എഫിന് അനുകൂലമായ തരംഗം വന്നാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ 20വർഷമായി കോൺഗ്രസിന് ഒറ്റ സീറ്റുമില്ലാത്ത ജില്ലയാണ് കോഴിക്കോട്. മലപ്പുറത്ത് 16ൽ 13 സീറ്റും യു.ഡി.എഫ് പക്ഷത്താണ്. ഇത്തവണ എൽ.ഡി.എഫിലെ കെ.ടി.ജലീലും മന്ത്രി അബ്ദുറഹിമാനും കടുത്ത പോരാട്ടമാണ് നേരിടുന്നത്. ഇവയിൽ കൂടി ജയിക്കാനായാൽ യു.ഡി.എഫിന്റെ സർവാധിപത്യ ജില്ലയാവും മലപ്പുറം.

2021ലെ വോട്ടിംഗ് ശതമാനം

കാസർകോട്-77.34
കണ്ണൂർ-80.8
കോഴിക്കോട്-78.4
വയനാട്-74.96
മലപ്പുറം-74.1

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA