
തിരുവനന്തപുരം: വിദേശത്തു നിന്ന് രാസലഹരിയെത്തിക്കുന്ന ശൃംഖലയിലെ കണ്ണികളായ രണ്ട് വിദേശികളെ 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിൽ പൊലീസ് പിടി കൂടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പന്തളം സ്റ്റേഷനിലെ ലഹരിക്കേസിലെ പ്രതിയായ നൈജീരിയൻ പൗരൻ സാമുവൽ ഒക്ഫോറിനെ ഡൽഹിയിൽ നിന്നും പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ കേസിൽ എൽസീന സനാതൻ സോസ എന്ന വിദേശ വനിതയെ ബംഗളൂരുവിൽ നിന്നുമാണ് പിടി കൂടിയത്. നൈജീരിയക്കാരിയായ ഇവർ വർഷങ്ങളായി ഗോവയിൽ താമസമാണ്.
പന്തളത്ത് 300ഗ്രാം എം.ഡി.എം.എ പിടി കൂടിയ കേസിൽ അടൂർ സ്വദേശികളായ മുഹമ്മദ് ഷാൻ, ഷംനാദ്, ഷബീന ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ സാമുവലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഡൽഹി പൊലീസിന്റെ സഹായത്തോടെ അതിസാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് സാമുവലിനെ പിടി കൂടിയത്. ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 728കേസുകളിലായി 795പേർ അറസ്റ്രിലായി. 626 ഗ്രാം എം.ഡി.എം.എ, 48.14കിലോ കഞ്ചാവ്, 136ഗ്രാം ഹാഷിഷ് ഓയിൽ 480കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തു.കോപ്ട നിയമപ്രകാരം 115കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 469കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ 84 പൊലീസ് സബ്ഡിവിഷനുകളിലും 16അംഗങ്ങളുള്ള നാലുവീതം സംഘങ്ങളെ നിയോഗിച്ചു.
തൂഫാൻ
ഇന്റലിജൻസ്
സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ തൂഫാൻ ഇന്റലിജൻസ് (ടി-ഇന്റ് ) എന്ന പ്രത്യേക വിഭാഗത്തെ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ രൂപീകരിച്ചതായി ചെന്നിത്തല പറഞ്ഞു. ലഹരിയിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി പൊലീസിന് കൈമാറാൻ സൗകര്യമൊരുക്കി. മമ്മൂട്ടി, ഉണ്ണി മുകുന്ദനടക്കം താരങ്ങളും മതനേതാക്കളും ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കും. സ്കൂൾ, കോളേജുകൾക്കടുത്ത് ലഹരി വില്പന അനുവദിക്കില്ല. പൊലീസിലെ ആർക്കെങ്കിലും ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. പിടി കൂടുന്ന ലഹരിമരുന്നിന്റെ അളവ് കുറവായാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കടേശ്, ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഓഫീസർ ഐ.ജി പുട്ടവിമലാദിത്യ എന്നിവരും സംബന്ധിച്ചു.
□ ലഹരി വിവരങ്ങൾ
അറിയിക്കാം:
9497979794, 9497927797 (ഫോൺ)
9995966666 (വാട്സ്ആപ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |