
കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ച് പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനത്തെ തള്ളിക്കളയാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മലയോര കർഷകർ ആവശ്യപ്പെടുന്നു. കർണാടകം പ്രത്യേക സമ്മേളനം വിളിക്കുന്നുണ്ട്.
പരിസ്ഥിതി ലോല പ്രദേശങ്ങളായി (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ) പരിഗണിച്ച സ്ഥലങ്ങളുടെ പട്ടികയിൽ കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണം. കർണാടകയിലും സമാന സാഹചര്യമുണ്ട്. കേന്ദ്രം നിയോഗിച്ച ഹെെപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ ചർച്ച നടത്തിയെങ്കിലും അതിന്റെ ഗുണം കരട് വിജ്ഞാപനത്തിലില്ലെന്ന് കർഷകർ പറയുന്നു. അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാനുള്ള കാലാവധി സെപ്തംബർ 24ന് കഴിയും. ഒരു വില്ലേജിൽ ജനസാന്ദ്രത നൂറിന് മുകളിലാണെങ്കിൽ (സ്ക്വയർ കിലോമീറ്ററിന്) അവിടം ഇ.എസ്.എയിൽ ഉൾപ്പെടുത്തരുതെന്നാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്. വില്ലേജിലെ 20 ശതമാനം പ്രദേശമെങ്കിലും ഇ.എസ്.എ പരിധിയിൽ വന്നാലേ പരിസ്ഥിതിലോലമാകൂ.
ഭീഷണി 3.7 ലക്ഷം ഏക്കറിന്
കേരളത്തിലെ 131 വില്ലേജുകൾ പൂർണമായും ഇ.എസ്.എ പരിധിയിൽ വരും. ഇവിടങ്ങളിലെ 9,993.7 ചതുരശ്ര കിലോമീറ്ററിൽ 3.7 ലക്ഷം ഏക്കർ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടതാണ്. 2001ലെ സെൻസസ് അനുസരിച്ചാണ് കരട്. ഇതു മാറ്റി, 2011ലെ സെൻസസ് മാനദണ്ഡമാക്കിയാൽ കേരളത്തിലെ ഒരു വില്ലേജും ഇ.എസ്.എ പരിധിയിൽ വരില്ലെന്ന് കർഷക സംഘടനകൾ പറയുന്നു.
ജനജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽ കർണാടക മോഡൽ കേരളവും സ്വീകരിക്കണം
-അഡ്വ. അലക്സ് ഒഴുകയിൽ,
ചെയർമാൻ,
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |