
#സി.പി.എം തിരുത്തിന് പരിഹാസം
ആലപ്പുഴ: തെറ്റ് തിരുത്തുമെന്ന് പറഞ്ഞ സി.പി.എം കോഴിക്കോട് സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിയെ മാറ്റാനാണ് നടപടി എടുക്കേണ്ടിയിരുന്നതെന്ന് ജി.സുധാകരൻ എം.എൽ.എ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തലയ്ക്ക് ഒരടി കൊടുത്തിട്ട് അവിടെ ഇരിക്കാൻ പറയുന്നതു പോലെയാണ് തിരുത്തൽ. പാർട്ടിയിലുണ്ടായ അധഃപതനത്തിൽ നിന്ന് നേതൃത്വം കരകയറിയില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി.ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിവിട്ടുപോയവരുടെ കൂട്ടത്തിൽ താൻ ഇല്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞത്. താൻ പാർട്ടി വിട്ടുപോയത് അവിടെ നിൽക്കാൻ കൊള്ളാത്തതുകൊണ്ടാണ്.
വർഗമെന്താണെന്ന് അറിയാത്തവർ പോലും പൊളിറ്റ് ബ്യൂറോയിലുണ്ട്. തിരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ എം.വി ഗോവിന്ദൻ മാത്രമാണോ സമാധാനം പറയേണ്ടത്. തന്നെ ചീത്ത പറഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും എത്താമെന്ന് വിചാരിക്കുന്ന ചില ആളുകളുണ്ട്. 2020നുശേഷം പിണറായി വിജയൻ തന്നോട് മര്യാദ കാണിച്ചിട്ടില്ല. പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വന്നശേഷമാണിത്. പിണറായി വിജയനെ കല്ലെറിയാനും ഇ.ഡിയെ തള്ളിപ്പറയാനും താനില്ല.
പാർട്ടിയിലേക്ക് അഴിമതിക്കാരും വൃത്തികെട്ടവരും കടന്നുവന്നിട്ടുണ്ട്. ബേബിയുടെ പരിമിതികൾ തനിക്കറിയാം. അതിനാൽ അദ്ദേഹം സ്വന്തം കാര്യം നോക്കിയാൽ മതി. കൊള്ളയും അഴിമതിയും കാട്ടിയതിനാലാണ് റിപ്പോർട്ടർ ടി.വി ഓഫീസിൽ റെയ്ഡ് നടത്തിയതെന്നും അവർ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |