SignIn
Kerala Kaumudi Online
Friday, 18 September 2026 2.27 PM IST

കേരള സർവകലാശാല ആസ്ഥാന മന്ദിരത്തിന് മുകളിൽ കയറി കെഎസ്‌യു പ്രതിഷേധം; അനുനയ നീക്കം തുടരുന്നു

ksu-protest

കെട്ടിടത്തിന് മുകളിൽ സമരം ചെയ്യുന്ന കെഎസ്‌യു പ്രവർത്തകർ

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാന മന്ദിരത്തിന് മുകളിൽ കയറി കെഎസ്‌യുവിന്റെ പ്രതിഷേധം. കേരളസർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിൽ നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിൽ സർവകലാശാല അധികൃതർ എസ്‌എഫ്‌ഐ അനുകൂല നിലപാട് സ്വീകരിക്കുന്നെന്നാരോപിച്ചാണ് പ്രതിഷേധം.

സർവകലാശാല കെട്ടിടത്തിന്റെ മൂന്നുനിലയോളം ഉയരമുള്ള പ്രധാനകവടത്തിനുമുകളിൽ അപകടകരമായ വിധത്തിൽ കാലുകൾ പുറത്തേക്കിട്ടിരുന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ഏഴോളംപേർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സർവകലാശാല രജിസ്ട്രാർ നേരിട്ടെത്തി പ്രശ്‌നപരിഹാരം കാണാതെ താഴെയിറങ്ങില്ലെന്നും നിർബന്ധിച്ച് ഇറക്കാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്നുമാണ് വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പ് നടപടികളിൽ അധികൃതർ ക്രമക്കേട് നടത്തുന്നുണ്ടെന്നാരോപിച്ച് കഴിഞ്ഞദിവസം കെഎസ്‌യു പ്രവർത്തകർ രജിസ്‌ട്രാറെ ഉപരോധിച്ചിരുന്നു. തുടർന്ന് സർവകലാശാല വൈസ് ചാൻസലറെയും രജിസ്‌ട്രാറെയും കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കെട്ടിടത്തിനുമുകളിൽ കയറി പ്രതിഷേധം ആരംഭിച്ചത്.

പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും വലിയ സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് താഴെ ഫയർഫോഴ്‌സ്‌ സുരക്ഷാവലകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിദ്യാർത്ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

English Summary

KSU activists protested atop the Kerala University headquarters entrance in Thiruvananthapuram, alleging election bias toward SFI.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROTEST, KSU, SFI, KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA