SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.06 PM IST

മസാല ബോണ്ട് കേസ്: ഐസക്കിന്റെ മൊഴി അനിവാര്യമെന്ന് ഇ.ഡി സഹകരിക്കാത്തത് നിയമ ലംഘനമെന്നും ഇ.ഡി ഹൈക്കോടതിയിൽ

READ ENGLISH VERSION
isac

കൊച്ചി: കിഫ്ബി മസാലബോണ്ടിലെ ഫണ്ടുകൾ വിവിധ പദ്ധതികൾക്ക് വിനിയോഗിച്ച കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയെന്നും ഇതേക്കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് അറിവുണ്ടായിരിക്കാമെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിലടക്കം വ്യക്തതവരുത്തി അന്വേഷണം പൂർത്തിയാക്കാനാണ് ഐസക്കിന് സമൻസയച്ചത്. അദ്ദേഹം സഹകരിക്കാത്തത് നിയലംഘനമാണെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വിഷയത്തിൽ പങ്കാളികളായ മറ്റുചിലർക്കുകൂടി സമൻസ് അയയ്ക്കാൻ ആലോചിക്കുന്നുണ്ട്. അതിനുമുമ്പ് ഐസക്കിന്റെ മൊഴി അനിവാര്യമാണ്. അദ്ദേഹം വിട്ടുനിന്നാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. സമൻസുകൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇ.ഡി സമൻസുകൾ ചോദ്യംചെയ്ത് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിലാണ് വിശദീകരണം. കേസ് മേയ് 22ലേക്ക് മാറ്റിയ ജസ്റ്റിസ് ടി.ആർ. രവി അടിയന്തര സാഹചര്യമുണ്ടായാൽ കക്ഷികൾക്ക് കോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും വ്യക്തമാക്കി.

കിഫ്ബി ജനറൽ കമ്മിറ്റി വൈസ് ചെയർമാൻ, എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീനിലകളിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് മസാലബോണ്ടിന് മുൻകൈയെടുത്തതെന്ന് ഇ.ഡി ആവർത്തിച്ചു. കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാക്കിയ സാക്ഷ്യപ്പെടുത്തിയ രേഖകളിൽനിന്ന് ഫണ്ട് വിനിയോഗത്തിലെ പൊരുത്തക്കേടുകൾ വ്യക്തമാണ്. ഇതേക്കുറിച്ച് ഐസക്കിനും അറിവുണ്ടാകുമെന്നാണ് സംശയിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ഈ ഘട്ടത്തിൽ പുറത്തുവിടാനാവില്ല.

ഫെമ നിയമപ്രകാരം അന്തിമഘട്ടത്തിലെത്തിയ അന്വേഷണം പൂർത്തിയാക്കാൻ ഐസക്കിന്റെ മൊഴികൂടി ആവശ്യമാണ്. സമൻസുകൾ കോടതി തടഞ്ഞിട്ടില്ലെങ്കിലും ഹർജിയുടെ പേരിൽ ഐസക് ഒഴിഞ്ഞുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഐസക്കിന്റെയും കിഫ്ബിയുടേയും ഹർജികൾ തള്ളണമെന്നും അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശിക്കണമെന്നും കോടതിയോട് ഇ.ഡി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA