തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും. പ്രോസിക്യൂഷന്റെ ഹർജി അംഗീകരിച്ചാണ് തീരുമാനം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് കോടതിയുടെ നീക്കം. കേസിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിലാണ് കോടതി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ഇഡി ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്.
കൊച്ചിയിലെത്തിയ എസ്ഐടി സംഘമാണ് ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. അസിസ്റ്റന്റ് ഡയറക്‌ടർ സനിത് റെഡ്ഡിയടക്കം ഏഴ് പേരുടെ മൊഴിയാണ് എടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് 46 പേരെ തിരിച്ചറിഞ്ഞതിൽ നിന്നാണ് 26 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തത്. ഇവരിൽ അധികം പേരും താഴെതട്ടിലുള്ള സിപിഎം പ്രവർത്തകരാണ്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഉൾപ്പടെ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |