SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

കൈവിട്ട ആയുധവും വാവിട്ട വാക്കും

vvv

പാർട്ടി വിട്ട ജി.സുധാകരനെതിരെ മുഖ്യമന്ത്രി പ്രയോഗിച്ച ചെറ്റത്തരവും പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പാർട്ടി പ്രവർത്തകനോട് വീട്ടിൽപോയി ചോദിക്ക് എന്നു പറഞ്ഞതും എതിരാളികളും സൈബർപോരാളികളും ആയുധമാക്കുകയാണ്. വാദം മറുവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖറും.

ചെറ്റയെന്ന് വിളിച്ചിട്ടില്ല,

ചെറ്റത്തരം എന്നാണ് പറഞ്ഞത്

പിണറായി വിജയൻ

ജി.സുധാകരനെ ഞാൻ ചെറ്റയെന്ന് വിളിച്ചിട്ടില്ല. സുധാകരൻ കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ് പറഞ്ഞത്. ഞാൻ സുധാകരനെ ചെറ്റയെന്ന് വിളിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു. ചെറ്റത്തരം എന്ന വാക്ക് എന്നുമുതലാണ് ഇത്രമാത്രം അൺപാർലമെന്ററി ആയതെന്ന് എനിക്കറിയില്ല. പിന്നെ ചെറ്റയെന്ന് വിളിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അത് ആയിക്കോളൂ. ഞാൻ ഏതായാലും വിളിച്ചിട്ടില്ല. രാഷ്ട്രീയമായി നേട്ടത്തിനും നാല് സീറ്റിനുംവേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരെയാണ് ഞാൻ വിമർശിച്ചത്. ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലം മുതൽ ഇത്തരം പ്രയോഗം നടത്താറുണ്ട്. നിലപാടുകളുടെ വഞ്ചനയും വർഗവഞ്ചനയും കാണിക്കുന്നവരെ പിന്നെന്താണ് വിളിക്കേണ്ടത്. അതുപോലെ വീട്ടിൽ പോയി പറയാൻ പറഞ്ഞെന്ന വിമർശനം. ഞാൻ സംസാരിച്ചത് പത്രസമ്മേളനത്തിലല്ല. പൊതുയോഗത്തിലാണ്. പൊതുയോഗത്തിൽ ചോദ്യം ചോദിക്കുന്ന രീതിയില്ല. അതിന് ഒരു സാമാന്യ മര്യാദയുണ്ട്. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. അതയാൾക്ക് മനസിലാവുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്.

സാംസ്‌കാരിക ഹരിത

കർമ സേന രൂപീകരിക്കണം

വി.ഡി.സതീശൻ

നികൃഷ്ടജീവി, പരനാറി, കുലംകുത്തി, ചെറ്റ... പിണറായിവിജയൻ ഉതിർത്തിടുന്ന വാക്കുകൾ തുടച്ചുനീക്കാൻ കേരളത്തിൽ സാംസ്‌കാരിക ഹരിത കർമ സേന രൂപീകരിക്കണം. തിരഞ്ഞെടുപ്പിൽ മാത്രമല്ല എവിടെയെങ്കിലും ചെറുതായിപ്പോവുന്നെന്ന് കണ്ടാൽ വായിൽതോന്നുന്നത് വിളിച്ചുപറയുന്ന നേതാവായി പിണറായി മാറി. എത്രമനോഹരമായ വാക്കുകളും പദ പ്രയോഗങ്ങളുമുള്ള ഭാഷയാണ് മലയാളം. അതിനെ ഇങ്ങനെ വൃത്തികേടാക്കുന്നത് ശരിയാണോ. സുധാകരനെപ്പോലെ മുതിർന്ന നേതാവിനെ അതും വർഷങ്ങളോളം സി.പി.എമ്മിന്റെ മുഖമായ നേതാവിനെ പാർട്ടി വിട്ടുവെന്ന് കരുതി ഇത്രയും ഹീനമായ രീതിയിൽ അധിക്ഷേപിക്കാൻ പാടുണ്ടോ. എതിരാളികളെ വെട്ടിവീഴ്ത്തുന്നതായിരുന്നു പഴയ രീതി. ഇപ്പോൾ ആയുധം താഴെവച്ച് നാക്കിനെ ആയുധമാക്കുകയാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ പിണറായി കണ്ണാടി നോക്കുന്നത് നല്ലതാണ്. ആരുടെ മുഖമാണ് വികൃതമായിക്കൊണ്ടിരിക്കുന്നതെന്ന് അപ്പോൾ അറിയാം.

നാലുവോട്ടിനായി

ആരേയും മോശമാക്കാനില്ല

രാജീവ് ചന്ദ്രശേഖർ

നാലുവോട്ടിനായി ആരെയും മോശം വാക്കുകളിൽ വിശേഷിപ്പിക്കാൻ ബി.ജെ.പി ഇല്ല. നരേന്ദ്ര മോദിയുടെ സംസ്‌കാരം അത് അനുവദിക്കുന്നില്ല. മോശം പ്രയോഗമൊക്കെ കാലഹരണപ്പെട്ടതാണ്. ഒരുകാലഘട്ടത്തിൽ പാവങ്ങളിൽ പാവപ്പെട്ട ജനങ്ങളുടെ വാസ സ്ഥാനമായിരുന്നു ചെറ്റക്കുടിൽ എന്നറിയപ്പെട്ടിരുന്നത്. അവിടെ നിന്ന് വളർന്ന് കൊട്ടാരമുണ്ടാക്കിയവരുടെ നാടാണ് കേരളം. മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ല. അതേറ്റുപിടിക്കാൻ ബി.ജെ.പിക്ക് സമയവുമില്ല. കേരളത്തിൽ അടുത്ത അഞ്ചുവർഷക്കാലം കൊണ്ടുവരാൻ കഴിയുന്ന വികസനത്തെക്കുറിച്ചും യുവതയുടെ മുന്നേറ്റത്തെക്കുറിച്ചുമാണ് ബി.ജെ.പിയും എൻ.ഡി.എയും ആലോചിക്കുന്നത്. അതാണ് നേമത്തടക്കം ഞങ്ങളുടെ പ്രധാന പ്രചാരണ ആയുധം. അല്ലാതെ നാടിനുവേണ്ടി ഒന്നും ചെയ്യാതെ തിരഞ്ഞടുപ്പ് കാലത്ത് നടത്തുന്ന ഇത്തരം ഗിമ്മിക്കുകളോടൊന്നും പ്രതികരിക്കാനില്ല. നരേന്ദ്രമോദിയാണ് ഇന്ത്യയുടെ വികസന മുഖം. അതുമായിട്ടാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.

(തയ്യാറാക്കിയത്: കെ.പി.സജീവൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA