SignIn
Kerala Kaumudi Online
Friday, 05 June 2026 1.25 AM IST

ഫീസ് വാങ്ങിയ ഇഗ്നോ പരീക്ഷാകേന്ദ്രം അനുവദിച്ചില്ലെന്ന് ആക്ഷേപം

ignou

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഇഗ്നോയിൽ പരീക്ഷാ നടത്തിപ്പിൽ വീഴ്ചയെന്ന് ആക്ഷേപം. ലക്ഷക്കണക്കിനു പേർ ഉപരിപഠനത്തിന് ആശ്രയിക്കുന്ന ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) പരീക്ഷാഫീസ് ഈടാക്കിയശേഷം മതിയായ പരീക്ഷാ സെന്ററുകൾ ഒരുക്കിയില്ലെന്നാണ് പരാതി. കോഴ്സുകൾക്ക് ഉയർന്ന ഫീസും പേപ്പറൊന്നിന് 200 രൂപ പരീക്ഷാഫീസും ഈടാക്കിയിരുന്നു.

തിരുവനന്തപുരം, കൊച്ചി, വടകര മേഖലാ കേന്ദ്രങ്ങളുടെ കീഴിൽ ആയിരങ്ങളാണ് എഴുതുന്നത്. പരാതിക്കാരിൽ പലർക്കും ജൂണിലെ പരീക്ഷ നഷ്ടമായി. ഇനി ഡിസംബർ വരെ കാത്തിരിക്കണം. ഡൽഹിയിലെ ആസ്ഥാനത്ത് പരാതിപ്പെട്ടിട്ടും മറുപടിയില്ല.

പരീക്ഷാ നടത്തിപ്പ് ചുമതല പൂർണമായി ഡൽഹിയിലെ ആസ്ഥാനത്തിനാണ്. മേഖലാ കേന്ദ്രങ്ങൾക്ക് കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കാൻ കഴിയുമായിരുന്നു. അവരുടെ കീഴിൽ വരുന്ന സ്റ്റഡി സെന്ററുകൾ പരിമിതമായ പരീക്ഷാ ഹാളുകളുടെ ലിസ്റ്റാണത്രെ ഡൽഹിയിലേക്ക് അയയ്ക്കുന്നത്.

കൊച്ചി മേഖലാ കേന്ദ്രത്തിലെ ലാൻഡ്‌ഫോണിൽ വിളിച്ചാലെടുക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ മറ്റൊരു പരാതി. ഡൽഹിയിലെ ആസ്ഥാനത്തേക്കടക്കം ഇ-മെയിലിൽ പരാതി അയച്ചിട്ടും ഒരു മറുപടിയുമില്ല .

രാജ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റികളിൽ ഒന്നാം റാങ്കുള്ള ഇഗ്നോയ്ക്ക് എൻ.ഐ.ആർ.എഫിൽ എ-പ്ലസ്-പ്ലസ് അക്രഡിറ്റേഷനുണ്ട്. 15 വിദേശ രാജ്യങ്ങളിലും പഠന കേന്ദ്രങ്ങൾ. ജോലിയുള്ളവർക്കും പഠനം മുടങ്ങിപ്പോയവർക്കുമെല്ലാം പഠിക്കാനവസരം. 18000 പേരാണ് തിരുവനന്തപുരം മേഖലയിൽ മാത്രം ജൂണിലെ പരീക്ഷയെഴുതുന്നത്

പകരം സെന്റർ നൽകും

അതേസമയം അപേക്ഷിച്ചവർക്ക് അവർ തിരഞ്ഞെടുത്ത സെന്ററുകൾ ലഭിച്ചെന്നു വരില്ലെന്ന് ഇഗ്നോ അധികൃതർ ചൂണ്ടിക്കാട്ടി. സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ചാണ് സെന്റർ അനുവദിക്കുന്നത്. എന്നാൽ, പകരം ഒരു സെന്റർ ഉറപ്പായും നൽകുമെന്നും അധികൃതർ പറയുന്നു.സെന്റർ ലഭിക്കാത്തതു സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ല, തിരുവനന്തപുരം മേഖലയുടെ കീഴിൽ 12 ഉം കൊച്ചി മേഖലയുടെ കീഴിൽ 18 ഉം സെന്ററുകൾ ഉണ്ട്. മലബാർ കേന്ദ്രീകരിച്ച് വടകര മേഖലയുമുണ്ട്.വിവിധ കോഴ്സുകളിലായി ജൂൺ ഒന്നിന് ആരംഭിച്ച പരീക്ഷകൾ ജൂലായ് 21 വരെ നീണ്ടു നിൽക്കും. ഈ സീസണിൽ എഴുതാൻ പറ്റാത്തവർക്ക് ഡിസംബറിൽ അവസരം ഉണ്ട്.

ജയിലുകളിലും സെന്റർ

ജയിൽ ശിക്ഷ അനഭവിക്കുന്നവർക്കായി തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ ജയിലുകളിലടക്കം ഇഗ്നോ പരീക്ഷാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പരീക്ഷയെഴുതുന്നവരിൽ ഷാരോൺ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന ഗ്രീക്ഷ്മ യും ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IGNOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA