
ഞെട്ടിക്കുന്ന വസ്തുതകളാണ് ധവളപത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. കടത്തിന്റെ ബാദ്ധ്യതയെക്കുറിച്ച് അറിവുള്ളതാണെങ്കിലും സർക്കാർ നൽകേണ്ട കുടിശികയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 48,733 കോടിയാണ് കുടിശിക, ജീവനക്കാർക്ക് കൊടുക്കേണ്ട ഡി.എ, പെൻഷൻകാർക്ക് കൊടുക്കേണ്ട ഡി.ആർ എന്നിവ ഇതിൽപ്പെടുന്നു. കരാറുകാർക്ക് കൊടുക്കേണ്ട തുക ബാങ്കുകളെക്കൊണ്ട് കൊടുപ്പിച്ചു. ബാങ്കുകൾക്ക് തുക തിരിച്ചുനൽകണം. ഇതിനു പുറമെയാണ് സർക്കാർ കടമെടുത്ത 49000കോടി. എത്ര തുക കടമെടുത്തിട്ടുണ്ടോ അതിനു സമാനമായ തുക കുടിശികയായും വന്നിരിക്കുന്നു. കടമെടുക്കാൻ പരിധി ഇല്ലായിരുന്നുവെങ്കിൽ ഈ തുക കൂടി കടമെടുക്കേണ്ടിവരുമായിരുന്നു. ഈ കുടശിക എങ്ങനെ കൊടുത്തുതീർക്കുമെന്നതാണ് പ്രശ്നം. ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു എന്നതാണ് ധവളപത്രത്തിന്റെ പ്രത്യേകത.
കിഫ്ബിയെ ഇത്രയും ധൈര്യത്തോടെ സമീപിക്കുമെന്ന് കരുതിയില്ല. പശ്ചാത്തല സൗകര്യമുണ്ടാക്കാൻ കിഫ്ബി കടമെടുക്കുന്നതും തുക കൈയിൽ വയ്ക്കുന്നതും തിരിച്ചടവ് സർക്കാരിന്റെ ബാദ്ധ്യതയാകുന്നതും ഭരണഘടനാപരമായി തെറ്റാണ്. സംസ്ഥാന സർക്കാർ നേരിട്ടോ ഏജൻസി മുഖേനെയോ കടമെടുക്കുമ്പോൾ അതിന്റെ ബാദ്ധ്യത
സർക്കാരിനാണെങ്കിൽ ഈ തുക നേരിട്ട് സർക്കാരിന് ലഭിക്കണം. കിഫ്ബി പദ്ധതികളുടെ കാര്യത്തിൽ താൻ ചൂണ്ടിക്കാട്ടിയ വസ്തുത ധവളപത്രത്തിലുണ്ട്. എവിടെയൊക്കെയാണ് പദ്ധതികൾ, പൂർത്തിയാക്കിയതിന്റെ പട്ടിക, അതിന് ചെലവഴിച്ച തുക ഇതിലൊന്നും വ്യക്തതയില്ലെന്നാണ് ധവളപത്രം പറയുന്നത്. സുതാര്യതയില്ലാതെയാണ് പദ്ധതി നടത്തിപ്പ്. നടപ്പാക്കിയ പദ്ധതികളുടെ 20 % കണ്ണൂർ ജില്ലയ്ക്കാണ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകൾ വികസന കാര്യത്തിൽ മുന്നോട്ട് നിൽക്കുന്ന ജില്ലകളാണ്. മറ്റു ജില്ലകളിലും പശ്ചാത്തല സൗകര്യ വികസനം വേണ്ടേ. മാനദണ്ഡം പാലിക്കാതെ പക്ഷപാതപരമായിരുന്നു പദ്ധതി ചെലവ്. സർക്കാർ കടമെടുക്കുന്നതിനേക്കാൾ ഒന്നര ശതമാനം പലിശ കൂടുതലുള്ള കടങ്ങളാണ് കഫ്ബി എടുത്തിട്ടുള്ളത്. 21000 കോടിയുടെ തിരിച്ചടവ് ഇക്കൊല്ലമോ അടുത്ത കൊല്ലമോ തുടങ്ങണം. ഈ ബാദ്ധ്യത പുതിയ സർക്കാരിന്റെ മേലാണ്.
നികുതി പിരിച്ചില്ല
സർക്കാരിന് നികുതി പിരിക്കാനുള്ള കഴിവില്ല. കഴിവിന് അനുസരിച്ചുള്ള ചെലവിനു പകരം കൂടുതൽ ചെലവാക്കി. എടുത്താൽ പൊങ്ങാത്ത ഭാരമാണ് ഇപ്പോഴുള്ളത്. ഇത്രയും വലിയ ബാദ്ധ്യതയെ സർക്കാർ എങ്ങനെ നേരിടുമെന്നതാണ് പ്രശ്നം. നികുതി പിരിവിൽ പ്രതീക്ഷിത വരുമാനവും യഥാർത്ഥ വരുമാനവും തമ്മിൽ വലിയ അന്തരമാണുള്ളത്. ബഡ്ജറ്റിന്റെ പവിത്രത ചോദ്യം ചെയ്യുന്ന കണക്കുകളാണ് പുറത്തുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |