SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.35 AM IST

* നിയമ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു * ട്രെയിനിലും സ്റ്റേഷനിലും മദ്യപിച്ച് എത്തിയാൽ കേസെടുക്കാം

a

കൊച്ചി: ട്രെയിനിലോ സ്റ്റേഷൻ പരിസരത്തോ മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും കേസെടുക്കാനും റെയിൽവേയ്‌ക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. 1989ലെ റെയിൽവേ നിയമത്തിലെ 145(എ) വകുപ്പിന്റെ സാധുത സംബന്ധിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

പൊതുസമാധാനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ട്രാവൽ കമ്പനി മാനേജിംഗ് ഡയറക്ടറായ കൊച്ചിയിലെ കെ.എൻ. ശാസ്ത്രിയാണ് റെയിൽവേ നിയമത്തിലെ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. മദ്യപിച്ച അവസ്ഥ എന്നതിന് കൃത്യമായ നിർവചനം നൽകിയിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നുമായിരുന്നു വാദം. മദ്യപിച്ച യാത്രക്കാരെ പിടികൂടാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് ബ്രെത്ത് അനലൈസറുകൾ നൽകിയതിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.

യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്രമസമാധാന പാലനത്തിനുമാണ് മുൻഗണനയെന്ന് റെയിൽവേ കോടതിയെ അറിയിച്ചു. ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങളിൽ ഭൂരിഭാഗവും മദ്യലഹരിയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കും ഭീഷണിയാണ്. മദ്യപിച്ചിട്ടുണ്ടോ എന്ന് ആദ്യം ബ്രെത്ത് അനലൈസർ വഴി പരിശോധിക്കുമെന്നും, മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷമേ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും റെയിൽവേ വിശദീകരിച്ചു.

മദ്യപിച്ച ഒരാളെ ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ മാറ്റുന്നതിന് മുമ്പ് രക്തപരിശോധന നിർബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്ന് നിരീക്ഷിച്ചുകൊണ്ട് ഹർജി തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA