
കൊച്ചി: നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കാനായി സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വാറന്റ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ മുഖേന വാറന്റ് നടപ്പാക്കാനാണ് രജിസ്ട്രിക്കുള്ള നിർദ്ദേശം. കേസ് അടുത്ത തവണ പരിഗണിക്കുന്ന 28ന് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണം. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിൽ ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കാവുന്നതാണെന്നും ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിം ഉത്തരവിട്ടു. യൂണിവേഴ്‌സൽ ട്രേഡിംഗ് സൊല്യൂഷൻസിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർ നൽകിയ ഹർജിയിലാണ് നടപടി.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാൻ മാർച്ച് 3ന് കോടതി ഉത്തരവിട്ടിരുന്നു. ആറു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് നടപ്പാക്കാത്തപക്ഷം നേരിട്ട് ഹാജരാകാൻ ബഡ്സ് ആക്ട് നടപടികളുടെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കോടതി സ്വമേധയാ കോടതിഅലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |