
കൊച്ചി: ഹൈക്കോടതിയിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോർഡിംഗിനും ലൈവ്സ്ട്രീമിംഗിനും നിരോധനം ഏർപ്പെടുത്തി. സ്ഥാപനത്തിന്റെ സുരക്ഷയും സ്വകാര്യതയും സുഗമമായ പ്രവർത്തനവും മുൻനിറുത്തിയാണ് നിയന്ത്രണങ്ങളെന്ന് രജിസ്ട്രാർ ജനറൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, കരാറുകാർ, സന്ദർശകർ തുടങ്ങിയവർക്കെല്ലാം നിയന്ത്രണം ബാധകമാണ്.
രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം മാദ്ധ്യമങ്ങൾക്ക് കവർചെയ്യാനാവൂ. അനുവദിച്ച ദിവസത്തിലും സമയത്തിലും വേദിയിലും മാത്രമേ ഇതിന് പ്രവേശിക്കാവൂ.
കോടതി നടപടികളുടെ ഫോട്ടോയെടുക്കാനും റെക്കോർഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റിസിന്റെ അനുമതിവേണം.
കോടതി ഹാളുകൾക്കുള്ളിലും ജഡ്ജിമാരുടെ ചേംബറിലും രജിസ്ട്രി ഓഫീസുകൾ, സെക്ഷനുകൾ, റെക്കോർഡ് റൂമുകൾ, സെക്യൂരിറ്റി കൺട്രോൾ റൂമുകൾ, സെർവർ റൂമുകൾ എന്നിവിടങ്ങളിലും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോ, വീഡിയോ പാടില്ല. രജിസ്ട്രി അധികാരപ്പെടുത്തുന്നവർക്കു മാത്രമേ ഇതിന് അനുവാദമുണ്ടാകൂ. രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല.
അനധികൃത ഫോട്ടോയെടുപ്പ് തടയാൻ രജിസ്ട്രി ഉദ്യോഗസ്ഥർക്കും സെക്യൂരിറ്റി വിഭാഗത്തിനും അധികാരമുണ്ടായിരിക്കും. ലംഘനമുണ്ടായാൽ ബന്ധപ്പെട്ടവരുടെ അസോസിയേഷനുകൾക്കും മേലധികാരികൾക്കും വിഷയം റിപ്പോർട്ട് ചെയ്യും. മാദ്ധ്യമങ്ങളോ സന്ദർശകരോ ആണ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതെങ്കിൽ ഭാവിയിലെ പ്രവേശനവും മീഡിയകവറേജും നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |