SignIn
Kerala Kaumudi Online
Thursday, 04 June 2026 10.30 PM IST

പരിസ്ഥിതിയുടെ സർവവിജ്ഞാനകോശം തലമുറകൾക്കായി ജയകുമാരി ടീച്ചറുടെ ഹരിതാക്ഷരങ്ങൾ

1

തിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതി ബാലപാഠങ്ങൾ പകർന്നുനൽകുന്ന ബാലസാഹിത്യം മുതൽ പരിസ്ഥിതിയുടെ സർവവിജ്ഞാന കോശം വരെ. എഴുത്തിന്റെ വഴിയിൽ പച്ചപ്പുനിറച്ച രചനകളുടെ എണ്ണം 65 പിന്നിട്ടു. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിലെ ബോട്ടണി വകുപ്പ് മേധാവിയും ഒഫിഷ്യേറ്റിംഗ് പ്രിൻസിപ്പലുമായി വിരമിച്ച ഡോ. ടി.ആർ. ജയകുമാരിയാണ് അക്ഷരങ്ങളിലൂടെ ഹരിതാഭ നിറയ്ക്കുന്നത്. കുട്ടികൾക്കായി ചുറ്റുമുള്ള ചെടികളെയും പുഴകളെയും ജീവികളെയും അറിയാനുള്ള രചനകൾ മുതൽ ഗവേഷകർക്ക് വഴികാട്ടിയാകുന്ന അന്വേഷണാത്മക സൃഷ്ടികൾവരെ കാൽനൂറ്റാണ്ട് പിന്നിടുന്ന രചനകളിലുണ്ട്.

പരിസ്ഥിതി രചനകളിൽ അപൂർവമായ കൂട്ടെഴുത്തിലൂടെയും ഡോ. ജയകുമാരി ശ്രദ്ധേയയാണ്. എഴുത്തിലൂടെ പരിചയപ്പെട്ട ആർ.വിനോദ് കുമാറുമായി ചേർന്ന് 46ലധികം ഗ്രന്ഥങ്ങൾ രചിച്ചു. കേരളീയ വനം, വന്യജീവി പരിസ്ഥിതി വിജ്ഞാനകോശം ഇതിൽ ശ്രദ്ധേയമാണ്. കാടും മലയും മഞ്ഞും മഴയും പുഴകളുമെല്ലാം കൂടിചേരുന്ന കേരളത്തെ ആഴത്തിലറിയാൻ മൂന്നു വാല്യങ്ങൾ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സഹായിക്കും. 2,100 പേജുകളും 2,500 ചിത്രങ്ങളും അടങ്ങുന്നതാണിത്. 33വർഷത്തെ അദ്ധ്യാപന ജീവിതത്തിലെ അനുഭവങ്ങളും പരിസ്ഥിതിയിലൂടെയുള്ള സഞ്ചാരങ്ങളുമാണ് രചനയുടെ അടിത്തറ.

സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകാംഗവും പ്രസിഡന്റുമാണ്. കൂട്ടെഴുത്തിലൂടെ ഏറ്റവുമധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ്, ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്‌സ്, യൂണിവേഴ്സൽ റെക്കാഡ്സ് ഫോറം എന്നിവയുടെ അംഗീകാരം നേടി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടട രശ്മി നഗറിലാണ് താമസം. പിന്തുണയുമായി ഭർത്താവ് എം.കെ.ബാലചന്ദ്രൻ നായരും (റിട്ട. അഡിഷണൽ ലേബർ കമ്മിഷണർ) മക്കളായ ഡോ. ലക്ഷ്മി നായർ (ഇറ്റലി), ഡോ. ശ്രീഹരി ബി.നായർ (ഐ.ഐ.ടി മദ്രാസ്) എന്നിവരുമുണ്ട്.

കാവ് വിജ്ഞാനകോശം ഒരുങ്ങുന്നു

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കാവുകളിൽ എട്ടു വർഷത്തോളം സഞ്ചരിച്ച് തയ്യാറാക്കുന്ന കാവ് വിജ്ഞാന കോശത്തിന്റെ പണിപ്പുരയിലാണ് ഡോ. ജയകുമാരിയിപ്പോൾ. വൃക്ഷങ്ങൾ, മത്സ്യങ്ങൾ, വംശനാശം വന്ന ജീവജാലങ്ങൾ, ജലാശയങ്ങൾ, പശ്ചിമഘട്ടത്തിലെ ദേശ ജാതികൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, പ്രകൃതി ശാസ്ത്രജ്ഞരും ഗവേഷകരും വിഷ രഹിതവിളകളും കൃഷി രീതികളും കണ്ടലുകളും കണ്ടൽ സഹചാരികളും കേരളത്തിലെ പാമ്പുകൾ എന്നിങ്ങനെ നീളുകയാണ് രചനകൾ.

വരുംതലമുറയ്ക്ക് വേണ്ടി പ്രകൃതിയെയും ജീവജാലങ്ങളെയും അടയാളപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കുകയാണ് രചനകളിലൂടെ ലക്ഷ്യമിടുന്നത്.

- ഡോ. ടി.ആർ. ജയകുമാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ECO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA