SignIn
Kerala Kaumudi Online
Thursday, 30 July 2026 8.29 AM IST

കോടിയേരിയുടെ ഗുരുദേവ സ്തുതിയിൽ കൗതുകമുണ്ടെന്ന് കെ. സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: പ്രധാനമന്ത്രിയെയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലാണെങ്കിൽ പോലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നതിൽ കൗതുകമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സി.പി.എം മുഖപത്രത്തിലെ കോടിയേരിയുടെ ലേഖനത്തിന് മറുപടിയാണ് കുറിപ്പ്.

ഗുരുദേവനും ശിവഗിരിമഠത്തിനും പ്രധാനമന്ത്രി നൽകുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ.

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദർശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാർട്ടി പരിപാടിയല്ല. ആർ.എസ്.എസ് കാര്യാലയങ്ങളിലെ പ്രഭാതപ്രാർത്ഥനയിൽ ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയിൽ ശ്രീനാരായണഗുരുദേവനുമുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വർണ്ണവെറിയും ആരോപിക്കുന്ന സി.പി.എമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരുമെന്നത് കൊണ്ട് ആചരിച്ചുപോന്ന ആദർശമല്ല സംഘപരിവാറിന് ശ്രീനാരായണദർശനം.
ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സി.പി.എമ്മും അവരുടെ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടുമാണ്. ഈ നിലപാടിൽ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ല.
ശ്രീനാരായണഗുരുദേവനെ കുരിശിൽ തറച്ച് വലിച്ചിഴയ്ക്കുന്ന നിശ്ചലദൃശ്യം സി.പി.എമ്മുകാർ തെരുവിൽ അവതരിപ്പിച്ചത് ആരും മറന്നിട്ടില്ല. നവോത്ഥാനത്തിന്റെ പേരിൽ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങൾക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും നടത്തിയവർ ന്യായീകരണത്തിനായി ഗുരുദേവന്റെ പേരിൽ 'ജാതിയില്ലാവിളംബരം" എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണ്. റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിക്കാൻ നിശ്ചയിച്ച ടാബ്ളോയിലെ ഗുരുദേവ പ്രതിമ എത്രമാത്രം വികൃതമായാണ് അവർ നിർമ്മിച്ചതെന്നും അയച്ചതുമെന്നും നമ്മുടെ മുന്നിലുണ്ട്.
ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച പാർട്ടി മാന്യത നേടാൻ ചെളി വാരിയെറിഞ്ഞ് കഥയിറക്കുകയാണ്. ഇപ്പോൾ കാട്ടുന്ന ഭക്തി ആത്മാർത്ഥമാണെങ്കിൽ, ഗുരുദേവന്റെ 'ദൈവദശകം' സർക്കാർ വിദ്യാലയങ്ങളിൽ നിത്യപ്രാർത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. അതാകും നമ്പൂതിരിപ്പാട് മുതൽ പുലർത്തിപ്പോന്ന ഗുരുദേവനിന്ദയ്ക്കുള്ള പരിഹാരമെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA